'കെഎസ്എഫ്ഇ ഇടപാടുകാരുടെ വിവരം ചോര്‍ത്തി', ഗുരുതര ആരോപണവുമായി പിടി തോമസ്

By Web TeamFirst Published Aug 14, 2020, 3:33 PM IST
Highlights

'കെഎസ്എഫ്ഇയുടെ 600 ബ്രാഞ്ചുകളിലെ ഇടപാടുകൾ സുഗമമാക്കാൻ മൊബൈൽ ആപ്ലിക്കേഷനുകളും വെബ് പോര്‍ട്ടലും നിര്‍മ്മിക്കാൻ ടെൻഡർ നൽകിയ നടപടിക്രമങ്ങളിലാണ് ക്രമക്കേടുള്ളത്'

തിരുവനന്തപുരം: വിവരചോർച്ചയെ ചൊല്ലി സംസ്ഥാനത്ത് വീണ്ടും വിവാദം. സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. കെഎസ്എഫ്ഇയുടെ മുപ്പത്തിയഞ്ചു ലക്ഷം ഇടപാടുകാരുടെ വ്യക്തി വിവരങ്ങൾ അമേരിക്കൻ കമ്പനി ചോർത്തിയെന്ന് പി ടി തോമസ് ആരോപിച്ചു.  'മുപ്പത്തിയഞ്ചു ലക്ഷം ഇടപാടുകാരും 7000 ജീവനക്കാരുമുള്ള കെഎസ്എഫ്ഇയുടെ വിവരങ്ങള്‍ അമേരിക്കൻ കമ്പനിയായ ക്ലിയര്‍ ഐക്ക് നൽകിയതിൽ അഴിമതിയുണ്ട്. കെഎസ്എഫ്ഇയുടെ 600 ബ്രാഞ്ചുകളിലെ ഇടപാടുകൾ സുഗമമാക്കാൻ മൊബൈൽ ആപ്ലിക്കേഷനുകളും വെബ് പോര്‍ട്ടലും നിര്‍മ്മിക്കാൻ ടെൻഡർ നൽകിയ നടപടിക്രമങ്ങളിലാണ് ക്രമക്കേടുള്ളത്.

സ്റ്റാര്‍ട്ട് അപ്പ് കമ്പനികളെ സഹായിക്കാനെന്ന വ്യാജേനെ ഒരു വ്യവസായിയുടെ മകന്റെ സ്റ്റാർട്ട് കമ്പനിക്കാണ് ടെൻഡർ നൽകിയത്. ഇതിലൂടെ മുപ്പത്തിയഞ്ചു ലക്ഷം ഇടപാടുകാരുടെ വ്യക്തി വിവരങ്ങൾ അമേരിക്കൻ കമ്പനി ചോർത്തി'. ഇക്കാര്യത്തിൽ അടിയന്തിര അന്വേഷണം വേണമെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. 

കെഎസ്എസ്എഫ്ഇ മൊബൈൽ ആപ്ലിക്കേഷനും ബെബ് പോർട്ടലും നിർമ്മിക്കാനായി 14 കമ്പനികൾ ആണ് താത്പര്യപത്രം നൽകിയത്. A.I ware, thought ripples pvt.ltd, VST mobility solutions എന്നീ കമ്പനികൾ ഉൾപ്പെട്ട കൺസോഷ്യത്തെയാണ് കെഎസ്എഫ്ഇ തെരഞ്ഞെടുത്തത്. സ്റ്റാർട്ടപ്പ് കമ്പനികളെ സഹായിക്കാനെന്ന പേരിൽ മാനദണ്ഡങ്ങൾ പാലിക്കാതെ വ്യവസായി രവിപിള്ളയുടെ മകൻ ഗണേഷിന്റെ 46 ദിവസം മാത്രം പഴക്കമുള്ള കമ്പനിക്ക് 67.5 ലക്ഷം രൂപയുടെ ടെൻഡർ നൽകിയെന്നാണ് ആരോപണം. വൈകാതെ ഇതേ കമ്പനി ക്ലിയർ ഐ എന്ന അമേരിക്കൽ കമ്പനിയിൽ ലയിച്ചു. ഇതോടെ കെ.എസ്.എഫ്.ഇ ഇടപാടുകാരുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിയുടെ കയ്യിലെത്തി. ക്ലിയർ ഐ കമ്പനിക്ക് പ്രൈസ് വാട്ടർ കൂപ്പേഴ്സ കമ്പനിയുമായും ബന്ധമുണ്ടെന്നും  അദ്ദേഹം ആരോപിച്ചു. 

അതേ സമയം കൊവിഡ് ബാധിതരുടെ ഫോൺ കോൾ വിവരങ്ങൾ അവരുടെ അനുവാദം ഇല്ലാതെ ശേഖരിക്കാൻ പൊലീസിന് അനുവാദം നൽകുന്ന ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. സർക്കാർ തീരുമാനം പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. ഒരു വ്യക്തി സംസാരിക്കുന്ന വിവരങ്ങൾ കൊണ്ട് എങ്ങിനെ കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയ്യാറാക്കും. സർക്കാറിനെ വിമർശിക്കുന്നവരുടെ ഫോൺ ചോർത്താനുള്ള തന്ത്രമാണിതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. 

click me!