റീ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി, മത്തായിയുടെ മൃതദേഹം നാളെ സംസ്ക്കരിക്കും

By Web TeamFirst Published Sep 4, 2020, 5:32 PM IST
Highlights

ആദ്യം നടത്തിയ ഇൻക്വസ്റ്റ് നടപടിയിലും പോസ്റ്റ്മോർട്ടത്തിലും രേഖപ്പെടുത്താതിരുന്ന കൂടുതൽ മുറിവുകൾ കൂടി ഇന്ന് നടത്തിയ ഇൻക്വസ്റ്റിൽ കണ്ടെത്തിയിട്ടുണ്ട്.

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ റീ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം ഉടൻ ബന്ധുക്കൾ ഏറ്റുവാങ്ങും. നാൽപ്പത്ദിവസങ്ങളായി മൃതദേഹം സംസ്ക്കരിക്കാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു. നാളെ കുടപ്പനക്കുന്ന് പള്ളിയിൽ മത്തായിയുടെ മൃതശരീരം അടക്കം ചെയ്യും. 

ആദ്യം നടത്തിയ ഇൻക്വസ്റ്റ് നടപടിയിലും പോസ്റ്റ്മോർട്ടത്തിലും രേഖപ്പെടുത്താതിരുന്ന കൂടുതൽ മുറിവുകൾ കൂടി ഇന്ന് നടത്തിയ ഇൻക്വസ്റ്റിൽ കണ്ടെത്തിയിട്ടുണ്ട്. കിണറ്റിൽ വീണപ്പോൾ ഉണ്ടായ പരിക്കുകളാവാം ഇവയെല്ലാം എന്നാണ് പ്രാഥമിക നിഗമനം. സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സബ് കളക്ടർ, സിബിഐ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ നടത്തിയത്. ഒന്നരയോടെ ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. 

നെടുങ്കണ്ടത്തെ രാജ്കുമാറിൻ്റെ മൃതദേഹം സിബിഐ ആവശ്യപ്രകാരം റീ പോസ്റ്റ്മോർട്ടം ചെയ്ത മൂന്ന് ഡോക്ടർമാരാണ് മത്തായിയുടെ മൃതദേഹവും സിബിഐയുടെ ആവശ്യപ്രകാരം റീപോസ്റ്റ്മോർട്ടം ചെയ്തത്. ഭർത്താവിന്‍റെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തും വരെ മൃതദേഹം മറവ് ചെയ്യേണ്ടെന്ന ശക്തമായ നിലപാട് മത്തായിയുടെ ഭാര്യ സ്വീകരിച്ചതോടെയാണ് സംഭവത്തിൽ ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണവും ഇപ്പോൾ സിബിഐ അന്വേഷണത്തിനും വഴി തുറന്നത്.  

 

click me!