കൊല്ലപ്പെട്ട സനൂപിൻ്റെ സുഹൃത്തിനും ഗുരുതര പരിക്ക്; പ്രതികൾ ആർഎസ്എസ്- ബംജ്റംഗദളുകാർ

By Web TeamFirst Published Oct 5, 2020, 10:23 AM IST
Highlights

സനൂപിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരും ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് ഇതിലൊരാളുടെ നില ഗുരുതരമാണ്.  നിസാര പരിക്കുള്ള ഒരാൾ അൽപസമയത്തിനകം ആശുപത്രി വിടും. 

തൃശ്ശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമായി തുടരുന്നു. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞ പൊലീസ് ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കുന്നംകുളം താലൂക്കാശുപത്രിക്ക് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം കൊലപാതകം നടന്ന സ്ഥലത്ത് എത്തി പരിശോധന നടത്തി. അക്രമിസംഘം രക്ഷപ്പെടാൻ ഉപയോഗിച്ച കാറും ഇവർ പരിശോധിക്കും. 

സനൂപിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരും ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് ഇതിലൊരാളുടെ നില ഗുരുതരമാണ്.  നിസാര പരിക്കുള്ള ഒരാൾ അൽപസമയത്തിനകം ആശുപത്രി വിടും. പരിക്കേറ്റവരുടെ മൊഴി പ്രകാരം എട്ട് പേരാണ്സം ഭവസ്ഥലത്തുണ്ടായിരുന്നത്. ഇതിൽ നാല് പേരാണ് സനൂപിനേയും സംഘത്തേയും ആക്രമിച്ചത്. 

നന്ദൻ, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നീ ബിജെപി - ബംജ്റഗദൾ പ്രവർത്തകരാണ് ഇവരെന്ന് പരിക്കേറ്റവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇവർക്കെല്ലാം ക്രിമനൽ പശ്ചാത്തലമുണ്ടെന്നും നിരവധി കേസുകളിൽ പ്രതിയായ നന്ദനാണ് സനൂപിനെ കുത്തിക്കൊന്നതെന്നുമാണ് സനൂപിനൊപ്പമുണ്ടായിരുന്നവരുടെ മൊഴി. 

സംഭവസ്ഥലത്ത് വച്ചു തന്നെ സനൂപിനെ അക്രമിസംഘം കുത്തി വീഴ്ത്തിയിരുന്നു. നെഞ്ചിനും വയറിനും ഇടയ്ക്കായാണ് സനൂപിന് കുത്തേറ്റത്. ഗുരുതരമായി കുത്തേറ്റ സനൂപ് അവിടെ തന്നെ വീണു. ഇതോടെ സനൂപിനൊപ്പമുണ്ടായിരുന്നവർ ചിതറിയോടി ഏതാണ്ട് മുന്നൂറ് മീറ്ററോളം ദൂരം അക്രമികൾ പിന്നാലെയോടി സിപിഎം പ്രവർത്തകരെ കുത്തിയെന്നാണ് മൊഴി. കൊലപാതകം നടന്ന പ്രദേശത്ത് ഇത്രയും ദൂരത്തിൽ ചോരപ്പാടുകൾ കാണാൻ സാധിക്കുന്നുമുണ്ട്. 

സനൂപിനെ കൂടാതെ സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അക്രമികളിൽ നിന്നും രക്ഷപ്പെടാനായി ഓടിയ ഇയാളെ പിന്തുടർന്ന് അക്രമിക്കുകയായിരുന്നു. സമീപത്തെ ഒരു വീട്ടിലെ സ്ത്രീയുടെ മുന്നിലേക്കാണ് പരിക്കേറ്റയാൾ ഓടിയെത്തിയത്. എന്താണ് സംഭവിച്ചതെന്ന് ഈ സ്ത്രീ യുവാവിനോട് ചോദിച്ചെങ്കിലും മറുപടി പോലും പറയാതെ മുറിവിലൂടെ ചോര വാർന്ന അവസ്ഥയിൽ പേടിച്ചു വിറച്ചു നിൽക്കുകയായിരുന്നു ഇയാൾ.

ഇന്നലെ പരിക്കേറ്റ സനൂപിൻ്റെ സുഹൃത്തുകളിലൊരാൾ സമീപകാലത്താണ് ചിറ്റിലങ്ങാടിക്ക് താമസം മാറി വന്നത്. ഇയാളുമായി പ്രദേശത്തെ ബിജെപി പ്രവർത്തകർക്ക് ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതു പറഞ്ഞു തീർക്കാനാണ് സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ സനൂപ് ചുങ്കത്തിന് അടുത്തെ ചിറ്റിലങ്ങാടേക്ക് എത്തിയത്. 

click me!