സംസ്ഥാനത്ത് കോളറ മരണം; ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു

Published : May 16, 2025, 06:36 AM ISTUpdated : May 16, 2025, 10:41 AM IST
സംസ്ഥാനത്ത് കോളറ മരണം; ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു

Synopsis

തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അർദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്.രോഗത്തിന്‍റെ ഉറവിടം ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. 12 വര്‍ഷത്തിനുശേഷമാണ് കുട്ടനാട് മേഖലയിൽ കോളറ സ്ഥിരീകരിക്കുന്നത്. 


കുട്ടനാട്ടിൽ 2013 ലാണ് ഒടുവിൽ കോളറ പിടിപെട്ടത്. അന്ന് 10 പേർക്ക് രോഗബാധയുണ്ടായി.  2002ലും കുട്ടനാട്ടിൽ കോളറ പടർന്നിരുന്നു. മരണങ്ങളും ഉണ്ടായിരുന്നു. 1996ലാണ് കോളറ ബാധിച്ച് ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ മരണമുണ്ടായത്. 29 പേരാണ് അന്ന് മരിച്ചത്.

സംസ്ഥാനത്ത് ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് കോളറ ബാധിച്ച് കവടിയാര്‍ സ്വദേശിയായ കാര്‍ഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏപ്രിൽ 20ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 2024 ആഗസ്റ്റിൽ വയനാട്ടിൽ കോളറ ബാധിച്ച് സുൽത്താൻ ബത്തേരി നൂൽപ്പുഴ സ്വദേശി വിജില (30) മരിച്ചിരുന്നു. 

എന്താണ് കോളറ?

വിബ്രിയോ കോളറെ എന്ന ബാക്ടീരിയ ആണ് കോളറയ്ക്ക് കാരണം. ഈ ബാക്ടീരിയ മൂലം മലിനമായ വെള്ളമോ  ഭക്ഷണമോ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അണുബാധയാണ് കോളറ. ഇത് ശരീരത്തിലെ പ്രധാന ധാതുക്കൾ (ഇലക്ട്രോലൈറ്റുകൾ) വേഗത്തിൽ നഷ്ടപ്പെടുന്നതിനും നിർജ്ജലീകരണം സംഭവിക്കുന്നതിനും കാരണമാകും.

മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് കോളറ. വയറിളക്കമാണ് പ്രധാനപ്പെട്ട ലക്ഷണം. ഇത് മൂലം വളരെ പെട്ടെന്ന് നിർജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയിൽ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യത കൂടുതലാണ്. ശുദ്ധജലമോ ടോയ്‌ലറ്റ് സൗകര്യങ്ങളോ ലഭ്യമല്ലാത്ത പ്രദേശങ്ങളിലാണ് കോളറ മിക്കപ്പോഴും പടരുന്നത്. വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, എന്നിവ കുടിക്കണം. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

1. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
2. നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
3. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത ശേഷം മാത്രം കഴിക്കുക.
4. പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേർത്ത് ഉപയോഗിക്കരുത്.
5. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കെെകൾ സോപ്പ് ഉപയോ​ഗിച്ച് നന്നായി കഴുകുക.
6. ആഹാരസാധനങ്ങൾ ഒരിക്കലും തുറന്ന് വയ്ക്കരുത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേന്ദ്രത്തിന്‍റെ ബ്ലൂ ഇക്കോണമി നയം; ആഴക്കടലിൽ മത്സ്യക്കൊള്ളയ്ക്ക് വഴിയൊരുങ്ങുന്നു, കേരളത്തിൽ മീൻ കിട്ടാതെയാകുമോ? ആശങ്ക!
നടുക്കുന്ന സംഭവം; കൊച്ചിയിൽ പുലർച്ചെ വിമാനമിറങ്ങിയ പ്രവാസിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി; മർദിച്ച് കൊള്ളയടിച്ച ശേഷം പറവൂർ കവലയിൽ തള്ളി