ചൂർണിക്കര വ്യാജരേഖ കേസ്: അബു സബ് കളക്ടറുടെ പേരിൽ ചമച്ചത് 2 വ്യാജ ഉത്തരവുകൾ

By Web TeamFirst Published May 17, 2019, 11:27 AM IST
Highlights

ചൂർണിക്കരയിലെ ഹംസയുടെ 25 സെന്‍റ് സ്ഥലം തരം മാറ്റാൻ ലാന്‍റ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കണം എന്ന് നിർദേശിക്കുന്ന വ്യാജ രേഖയാണ് ഫോർട്ടു കൊച്ചി സബ് കലക്ടറുടെ പേരിൽ തയാറാക്കിയത്

കൊച്ചി: ചൂർണിക്കര വ്യാജരേഖാക്കേസിലെ ഒന്നാം പ്രതി അബു ഫോർട്ടുകൊച്ചി സബ് കലക്ടറുടെ  പേരിൽ രണ്ട് വ്യാജ ഉത്തരവുകൾ ചമച്ചതായി വിജിലൻസ് കണ്ടെത്തി. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കുന്ന  എഫ്ഐആർ മൂവാറ്റുപുഴ വിജിലൻസ് കോടിതിയിൽ ഇന്ന് സമർപ്പിക്കും.

ലാന്‍റ് റവന്യൂ കമ്മീഷണറുടെ പേരിൽ മാത്രമല്ല ഫോർട്ടുകൊച്ചി സബ് കലക്ടറുടെ പേരിലും  വ്യാജ രേഖ ചമച്ചെന്നാണ് കണ്ടെത്തൽ. ചൂർണിക്കരയിലെ ഹംസയുടെ 25 സെന്‍റ് സ്ഥലം തരം മാറ്റാൻ ലാന്‍റ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കണം എന്ന് നിർദേശിക്കുന്ന വ്യാജ രേഖയാണ് ഫോർട്ടു കൊച്ചി സബ് കലക്ടറുടെ പേരിൽ തയാറാക്കിയത്. 

ആലുവ തഹസിൽദാർക്ക് ഒന്നാം പ്രതി അബു തന്നെയാണ് ഉത്തരവ് എത്തിച്ചുകൊടുത്തത്.  ഭൂമി തരംമാറ്റാൻ അനുവദിച്ചുകൊണ്ടുളള ലാന്‍റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന് കൂടുതൽ വിശ്വാസ്യത വരാനായിരുന്നു ഇത്.  ലോക്കൽ പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഈ രേഖകൾ എറണാകുളം ജില്ലയിൽ തയ്യാറാക്കിയതെന്നാണ് അബു മൊഴി നൽകിയത്.   

ഇതിന്‍റെ നിജസ്ഥിതിയെ സംബന്ധിച്ചും ഉത്തരവ് തയ്യാറാക്കിയതിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും വിജിലൻസ് പരിശോധിക്കും. നിലവിൽ  ലോക്കൽ പൊലീസിന്‍റെ  കൈവശമുളള കേസ് രേഖകൾ കൈമാറണമെന്നാവശ്യപ്പെട്ട് വിജിലൻസിന് കത്ത് നൽകിയിട്ടുണ്ട്. അബുവിന്‍റെ കാലടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ആധാരങ്ങൾ അടക്കമുള്ളവ കണ്ടെടുത്തിരുന്നു. ഇവയും വിശദമായി പരിശോധിക്കും. ഇതിനു ശേഷമാകും റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!