ബാങ്കൊലി മുഴങ്ങി, ക്രിസ്തീയ ദേവാലയത്തിൽ നമസ്കരിച്ച് മുനവ്വറലി ശിഹാബ് തങ്ങളും സംഘവും; പ്രതിഷേധത്തില്‍ മാതൃകയായി കേരളം

Published : Dec 29, 2019, 12:59 AM ISTUpdated : Dec 29, 2019, 07:05 AM IST
ബാങ്കൊലി മുഴങ്ങി, ക്രിസ്തീയ ദേവാലയത്തിൽ നമസ്കരിച്ച് മുനവ്വറലി ശിഹാബ് തങ്ങളും സംഘവും; പ്രതിഷേധത്തില്‍ മാതൃകയായി കേരളം

Synopsis

പള്ളി അധികൃതര്‍ നമസ്കരിക്കുന്നതിനുള്ള മുഴുവന്‍ സൗകര്യവും ഒരുക്കി. സംഭവത്തെക്കുറിച്ച് മുനവറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ വൈകാരികമായ കുറിപ്പെഴുതി. 

കോതമംഗലം: ചരിത്രത്തിൽ ആദ്യമായിട്ടാവണം ആ ക്രിസ്തീയ ദേവാലയത്തിൽ നിന്ന് ബാങ്ക് വിളി മുഴങ്ങി‌. പള്ളിയിൽ നമസ്കരിക്കാൻ എത്തിയ മുസ്ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് പള്ളിയിലെ വൈദികൻ വുളുഅ് (അംഗസ്നാനം) ചെയ്യാനുള്ള വെള്ളം ഒഴിച്ചു കൊടുത്തു.  മുനവ്വറലിയും സംഘവും അൾത്താര സാക്ഷിയാക്കി മഗ് രിബ് നമസ്കാരം നിർവ്വഹിച്ചു. 
പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് നടത്തിയ പരിപാടിക്കിടെയാണ് മാനവ മൈത്രി വിളംബരം ചെയ്യുന്ന സംഭവം.  മാര്‍ത്തോമ ചെറിയപള്ളിയിലാണ് മുസ്ലിം ലീഗ് നേതാക്കൾ നമസ്കാരം നിർവഹിക്കാന്‍ പള്ളി അധികൃതര്‍ സൗകര്യമൊരുക്കിയത്. 

പ്രതിഷേധ റാലി കോതമംഗലത്തെത്തിയപ്പോള്‍ മഗ്‍രിബ് നമസ്കാര സമയമായിരുന്നു.വിശ്വാസികള്‍ക്ക് നമസ്കരിക്കാന്‍ സൗകര്യമില്ലാതായതോടെ ക്രിസ്ത്യന്‍ പള്ളി അധികൃതര്‍ മുന്നോട്ടുവന്നു. പള്ളി അധികൃതര്‍ നമസ്കരിക്കുന്നതിനുള്ള മുഴുവന്‍ സൗകര്യവും ഒരുക്കി. സംഭവത്തെക്കുറിച്ച് മുനവറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ വൈകാരികമായ കുറിപ്പെഴുതി. 

വമ്പന്‍ യുവജനറാലിയാണ് മാത്യു കുഴല്‍നാടന്‍റേ നേതൃത്വത്തില്‍ ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. മൂവാറ്റുപുഴയില്‍ നിന്ന് ആരംഭിച്ച റാലി കോതമംഗലത്ത് അവസാനിച്ചു. സിപിഎം നേതാവ് എംബി രാജേഷ്, കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം,  യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. മുനവറലി ശിഹാബ് തങ്ങളാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്. കോതമംഗലത്ത് നടന്ന സമാപന പൊതുയോഗത്തില്‍ എം ബി രാജേഷ് മുഖ്യാതിഥിയായി.  


മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്

മതം മാനവികതയാണ്. സർവ മതങ്ങളുടെയും അടിസ്ഥാനം സ്‌നേഹമാണെന്ന് വീണ്ടും ബോധ്യമായ ഒരു ദിവസമായിരുന്നു ഇന്ന്. ശ്രീ മാത്യു കുഴൽ നാടൻ നേതൃത്വം നൽകുന്ന പ്രൊഫഷണൽ കോൺഗ്രസിന്‍റെ ബാനറിൽ സംഘടിക്കപ്പെട്ട സെക്കുലർ മാർച്ചായിരുന്നു വേദി. വി ടി ബൽറാം, പി കെ ഫിറോസ്, എം ബി രാജേഷ്, ഇന്ദിര ജയ്സിംഗ് തുടങ്ങിയ യുവജന നേതാക്കൾ മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം വരെ എത്തിയപ്പോഴേക്കും നമസ്‌കാരത്തിന് സമയമായി. മണിനാദം മുഴങ്ങുന്ന ചർച്ചിൽ നിന്ന് ബാങ്കുവിളി മുഴങ്ങി. എനിക്ക് വുളൂ ചെയ്യാൻ അച്ചൻ വെള്ളം കൈക്കുമ്പിളിലേക്ക് ഒഴിച്ചു തരുമ്പോൾ ഹൃദയം സന്തോഷം കൊണ്ട് കുളിരണിഞ്ഞു. ശേഷം ജമാഅത്തായി ചർച്ചിൽ വെച്ച് തന്നെ ഞങ്ങൾ നിസ്‌കരിച്ചു.

രാജ്യത്തെ മുസ്‌ലീങ്ങളെയാകെ അപമാനിച്ചു കൊണ്ട് കേന്ദ്ര മന്ത്രിസഭ പാസാക്കിയ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ വേദി മതസൗഹാർദത്തിന്‍റെയും ഉൾക്കൊള്ളലിന്‍റെയും വേദിയായത് യാദൃശ്ചികമല്ല. നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന സ്‌നേഹത്തിന്‍റെ പ്രതിഫലനമാണത്. രാജ്യം ഇങ്ങനെത്തന്നെ തുടരണമെന്നാണ് ജനലക്ഷങ്ങൾ ആഗ്രഹിക്കുന്നത്. സാന്ദർഭികമായി എനിക്ക് ഓർമ്മ വന്നത് ഖലീഫാ ഉമറിന്‍റെ ചരിത്രമാണ്. 

ജറുസലേമിലേക്ക് അനുയായികൾക്കൊപ്പം പോയപ്പോൾ നിസ്‌കാരത്തിന് ഒരു ചർച്ചിൽ അവർക്ക് സൗകര്യം ഏർപ്പെടുത്തിയിരുന്നു. തന്‍റെ അനുയായികൾ ആ ക്രിസ്ത്യൻ പളളിയുടെ വരാന്തയിൽ വെച്ച് നിസ്‌കരിക്കുകയും ഭാവിയിൽ ആരെങ്കിലും താൻ നിസ്‌ക്കരിച്ചതിന്‍റെ പേരിൽ ചർച്ചിന്റെ മേൽ അവകാശമുന്നയിച്ച് വരും എന്ന് ആശങ്കപെട്ടതിന്‍റെ പേരിൽ ഖലീഫാ ഉമർ കുറച്ചകലെ മാറി നിന്ന് നിസ്‌ക്കരിക്കുകയും ചെയ്തു എന്നാണ് ചരിത്രം. പ്രിയരെ, സ്‌നേഹമാവട്ടെ നമ്മുടെ ആയുധം. ഐക്യമാവട്ടെ നമ്മുടെ പരിച. ഈ നാടിനെ നശിപ്പിക്കാൻ നാം അനുവദിച്ചു കൂടാ. നാം അതിജീവിക്കുക തന്നെ ചെയ്യും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്