പ്രാർത്ഥനാനിർഭരം ദേവാലയങ്ങൾ, സാമൂഹിക അകലം പാലിച്ച് കുർബാന, തിരുപ്പിറവി വരവേറ്റ് കേരളവും

By Web TeamFirst Published Dec 25, 2020, 12:12 AM IST
Highlights

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രതിസന്ധികാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും വിശ്വാസികൾ പ്രതീക്ഷ കൈവിടുന്നില്ല

തിരുവനന്തപുരം/ കൊച്ചി/ കോഴിക്കോട്: തിരുപ്പിറവിയുടെ ഓർമ പുതുക്കൽ ദിനമായ ക്രിസ്മസിനെ കേരളത്തിലും വിശ്വാസികൾ ആഘോഷപൂർവം വരവേറ്റു. കൊവിഡ് മഹാമാരി വിതച്ച പ്രതിസന്ധികൾക്കിടയിലും പ്രാർത്ഥനാനിർഭരമായ മനസ്സുമായി സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശ്വാസികൾ പാതിരാക്കുർബാനയ്ക്കായി ഒത്തുചേർന്നു. സാമൂഹിക അകലം പാലിച്ചായിരുന്നു സംസ്ഥാനത്തെ ദേവാലയങ്ങളിലെല്ലാം പ്രാർത്ഥനാച്ചടങ്ങുകൾ നടന്നത്.

തിരുവനന്തപുരം പാളയത്തെ സെന്‍റ് ജോസഫ് കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് സൂസപാക്യം പ്രാർത്ഥന ചടങ്ങുകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം പട്ടത്തെ സെന്‍റ് മേരീസ് കത്തീഡ്രലിൽ ക്രിസ്മസ് പ്രാർത്ഥനകൾക്ക് മലങ്കര ആർച്ച് ബിഷപ്പ് കർദിനാൾ മാർ ക്ലിമ്മിസ് കാർമികത്വം വഹിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിറവിയുടെ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. എറണാകുളം സെന്‍റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ലത്തീൻ സഭയുടെ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ തിരുപ്പിറവി കർമ്മങ്ങൾക്ക് മുഖ്യകാ൪മികനായി. കോഴിക്കോട് രൂപതാബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ മുഖ്യ കാർമ്മികനായുള്ള ക്രിസ്മസ് - തിരുപ്പിറവി ദിവ്യബലി കോഴിക്കോട് ദേവമാത കത്തീഡ്രൽ ദേവാലയത്തിൽ നടന്നു. എറണാകുളം ഇടപ്പള്ളി സെന്‍റ് ജോർജ്ജ് ഫൊറോനാ പള്ളിയിലും ക്രിസ്‌മസ്‌ ആഘോഷങ്ങൾ നടന്നു.

ഇതിനിടെ വളരെ വ്യത്യസ്മായ ക്രിസ്തുമസ് ആഘോഷത്തിനും കൊച്ചി വേദിയായി. ഇടപ്പള്ളി മുതൽ നെടുമ്പാശ്ശേരി എയർപോർട്ട് വരെ സൈക്കിൾ ചവിട്ടിയാണ് ഒരു സംഘം വിശ്വാസികൾ ക്രിസ്മസ് ആഘോഷിച്ചത്. 

സന്തോഷത്തിന്റെയും സ്‌നേഹത്തിന്‍റെയും സന്ദേശം ലോകം മുഴുവൻ പകർന്നു നൽകിയ ഉണ്ണിയേശുവിന്‍റെയും തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് ഓരോ വിശ്വാസിയും. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രതിസന്ധികാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും വിശ്വാസികൾ പ്രതീക്ഷ കൈവിടുന്നില്ല. വലിയ ആഘോഷങ്ങളോ കരോളോ ബാന്‍റ് മേളങ്ങളോ കൂട്ടായ്മകളോ ഒന്നുമില്ലെങ്കിലും നാടും നഗരവും ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പുല്‍ക്കൂടൊരുക്കിയും അലങ്കാര വിളക്കുകള്‍ തൂക്കിയും വീടുകള്‍ പ്രതീക്ഷയുടെ പൊന്‍പ്രഭയിലാണ്. പുറത്തുപോകാൻ കഴിയില്ലെങ്കിലും അകത്തിരുന്ന്, വിരുന്നൊരുക്കി ആഘോഷങ്ങൾ പൊടിപൊടിക്കുന്നു. 

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ കരുതലോടെ വേണമെന്ന് സംസ്ഥാനസർക്കാർ പറഞ്ഞിരുന്നു. വലിയ പ്രതീക്ഷകളോടെയാണ് ലോകം പുതിയ വർഷത്തെ വരവേൽക്കുന്നത്. എന്നാൽ ആഘോഷങ്ങൾ കരുതലോടെ വേണം, കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം - ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. എല്ലാവർക്കും ആരോഗ്യമന്ത്രി ക്രിസ്മസ് പുതുവർഷാശംകൾ നേരുകയും ചെയ്തു. 

പുതിയൊരു വർഷത്തിലേക്ക് കടക്കുമ്പോൾ മനസ്സിൽ പ്രതീക്ഷകൾ നിലനിർത്തണമെന്ന് മന്ത്രി. ക്രിസ്മസിനെയും പുതുവർഷത്തെയും വരവേൽക്കാം, മനസ്സുകൊണ്ട് ഒന്നിക്കാം, വലിയ കൂട്ടായ്മകൾ വേണ്ട - എന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

click me!