christmas wishes : ക്രിസ്മസ് ആശംസകളുമായി രാഷ്ട്രപതിയും ഗവർണറും

By Web TeamFirst Published Dec 24, 2021, 7:40 PM IST
Highlights

ക്രിസ്തുവിന്റെ ആശയങ്ങളും ഉപദേശങ്ങളും ഉൾക്കൊണ്ട് കൊണ്ട് അദ്ദേഹം പഠിപ്പിച്ച മൂല്യങ്ങളിൽ അടിസ്ഥിതമായ സമൂഹം വാർത്തെടുക്കാൻ പരിശ്രമിക്കാമെന്നാണ് രാഷ്ട്രപതിയുടെ സന്ദേശം. 

ദില്ലി:  ക്രിസ്മസ് ആശംസകൾ നേർന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് (Ram Nath Kovind ). സമത്വവും സമാധാനവും ഐക്യവും പുലരട്ടേയെന്ന് രാഷ്ട്രപതി (President) ആശംസിച്ചു. യേശു ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശം ഇപ്പോഴും മനുഷ്യരെ പ്രചോദിപ്പിക്കുന്നുവെന്ന് രാഷ്ട്രപതിയുടെ സന്ദേശത്തിൽ പറയുന്നു. 

ക്രിസ്മസ് സമാധാനവും, ഐക്യവും, അനുകമ്പയും വളർത്തുകയും സമൂഹത്തിൽ ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്മസിന്റെ സന്തോഷ വേളയിൽ എല്ലാ പൗരന്മാർക്കും ആശംസകൾ നേരുന്നു, പ്രത്യേകിച്ചും ക്രിസ്ത്യൻ സഹോദരി സഹോദരന്മാർക്ക്. ക്രിസ്തുവിന്റെ ആശയങ്ങളും ഉപദേശങ്ങളും ഉൾക്കൊണ്ട് കൊണ്ട് അദ്ദേഹം പഠിപ്പിച്ച മൂല്യങ്ങളിൽ അടിസ്ഥിതമായ സമൂഹം വാർത്തെടുക്കാൻ പരിശ്രമിക്കാമെന്നാണ് രാഷ്ട്രപതിയുടെ സന്ദേശം. 

മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നാണ് ദില്ലിയിലേക്ക് മടങ്ങിയത്. 

കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.

സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമായ ക്രിസ്മസ് നല്‍കുന്നത്  'ഭൂമിയില്‍ സമാധാനം' എന്ന ഉദാത്ത സന്ദേശമാണെന്ന് ഗവർണറുടെ സന്ദേശത്തിൽ പറയുന്നു. സഹാനുഭൂതിയും ഉദാരതയും കൊണ്ട് ജീവിതത്തെ സമ്പന്നമാക്കാനും സാമൂഹിക ഒരുമ ശക്തിപ്പെടുത്താനും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് സാധിക്കുമാറാകട്ടെയെന്ന് ഗവര്‍ണർ ആശംസിച്ചു.

click me!