ചാമ്പ്യന്‍സ് ബോട്ട് ലീഗിനെതിരെ ചുണ്ടൻവള്ള സമിതി ഹൈക്കോടതിയിലേക്ക്

By Web TeamFirst Published Jul 21, 2019, 11:26 AM IST
Highlights

വള്ളങ്ങളെ ഒഴിവാക്കി ക്ലബുകൾക്ക് പ്രധാന്യം നൽകി ലീഗ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ചുണ്ടൻവള്ള സമിതി പറയുന്നു. 

ആലപ്പുഴ: പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിനെതിരെ ചുണ്ടൻവള്ള സമിതി ഹൈക്കോടതിയിലേക്ക്. വള്ളങ്ങളെ ഒഴിവാക്കി ക്ലബുകൾക്ക് പ്രധാന്യം നൽകി ലീഗ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ചുണ്ടൻവള്ള സമിതി പറയുന്നു. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ച നിബന്ധന ഒഴിവാക്കിയാണ് സിബിഎൽ സംഘടിപ്പിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

കഴിഞ്ഞ വർഷത്തെ നെഹ്‌റു ട്രോഫിയിൽ മൂന്നാം സ്ഥാനം നേടിയ ചുണ്ടൻവള്ളമാണ് ആയാപറമ്പ് പാണ്ടി. ഇത്തവണ പുന്നമട ബോട്ട് ക്ലബാണ് ഈ ചുണ്ടൻവള്ളത്തിൽ മത്സരിക്കുന്നത്. എന്നാൽ നെഹ്‌റു ട്രോഫിക്കൊപ്പം ഈ വർഷം മുതൽ തുടങ്ങുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ആയാപറമ്പ് ചുണ്ടൻവള്ളത്തിന് പങ്കെടുക്കാനാകില്ല. കഴിഞ്ഞ തവണത്തെ നെഹ്‌റു ട്രോഫിയിൽ മുന്നിലെത്തിയ ഒമ്പത് ക്ലബുകളെയാണ് സിബിഎല്ലിൽ ഉൾപ്പെടുത്തിയത്. ഈ തീരുമാനമാണ് ചുണ്ടൻവള്ളസമിതി ചോദ്യം ചെയ്യുന്നത്.

സിബിഎല്ലിന്‍റെ യോഗ്യതാ മത്സരമായി കഴിഞ്ഞ വർഷത്തെ നെഹ്‌റു ട്രോഫി പരിഗണിക്കില്ലെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. അങ്ങനെ പരിഗണിച്ചാൽ തന്നെ ആദ്യ സ്ഥാനങ്ങളിലെത്തുന്ന ഒമ്പത് വള്ളങ്ങളെ തെരഞ്ഞെടുക്കുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞത്. എന്നാൽ ചുണ്ടൻവള്ളങ്ങൾക്ക് പകരം ആദ്യസ്ഥാനക്കാരായ ക്ലബുകളെ മാത്രം ലീഗിൽ ഉൾപ്പെടുത്തി.

ചുണ്ടൻവള്ളങ്ങൾക്കും തുഴച്ചിലുകാർക്കും സാമ്പത്തികമായും കായികമായും പ്രയോജനം കിട്ടുന്ന സിബിഎല്ലിന് സമിതി എതിരല്ല. എന്നാൽ വള്ളങ്ങൾക്ക് പകരം ക്ലബുകളെ മാത്രം പരിഗണിക്കുമ്പോൾ ചുണ്ടൻവള്ളസമിതികൾ തകരും എന്നാണ് ഇവര്‍ പറയുന്നത്. ഇത് നെഹ്‌റു ട്രോഫി മത്സരത്തെ പോലും ബാധിക്കുമെന്ന് ചുണ്ടൻവള്ള സമിതി കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം, ഓഗസ്റ്റ് 10 ന് നെഹ്‌റു ട്രോഫിക്കൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗും തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ ടൂറിസം വകുപ്പ് പൂർത്തിയാക്കിവരുന്നു. ഐപിഎൽ മാതൃകയിലാണ് സിബിഎൽ സംഘടിപ്പിക്കുന്നത്. ലീഗിൽ പങ്കെടുക്കുന്ന ക്ലബുകളുടെ സ്പോൺസർമാരെ കണ്ടെത്താൻ 29 ന് കൊച്ചിയിൽ ലേലം നടക്കും.

click me!