ചാലക്കുടിപ്പുഴയിൽ നീരൊഴുക്ക് കൂടി; അതിരപ്പിള്ളിയിലേക്ക് സ‍ഞ്ചാരികളുടെ പ്രവാഹം

By Web TeamFirst Published Jul 21, 2019, 11:09 AM IST
Highlights

നീരൊഴുക്ക് കുറഞ്ഞ് നേര്‍ത്തുപോയ അതിരപ്പിള്ളി വെള്ളച്ചാട്ടം നിര്‍ത്താതെ മഴ പെയ്തു തുടങ്ങിയതോടെ സ്വാഭാവിക സൗന്ദര്യം വീണ്ടെടുത്തു. 

തൃശൂര്‍: തുടര്‍ച്ചയായി പെയ്യുന്ന മഴയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടവും അതിന്‍റെ പ്രതാപം വീണ്ടെടുത്തു. കാലവര്‍ഷം കുറഞ്ഞപ്പോൾ മെലിഞ്ഞുണങ്ങിപ്പോയ അതിരപ്പിള്ളി വെള്ളച്ചാട്ടം തുടര്‍ച്ചയായി മഴ പെയ്ത് തുടങ്ങിയതോടെ സ്വാഭാവിക ഭംഗി വീണ്ടെടുത്ത് നിറഞ്ഞൊഴുകുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്യുന്ന മഴയും പെരിങ്ങൽക്കുത്ത് ഡാമിന്‍റെ ഷട്ടര്‍ തുറന്നതുമാണ് അതിരപ്പിള്ളിയിലെ ജലസമൃദ്ധിക്ക് കാരണം. 

മാര്‍ച്ച് മുതൽ ജൂൺവരെ മഴ കുറവായിരുന്നതിനാൽ വെള്ളച്ചാട്ടം മുൻപില്ലാത്ത വിധം നേര്‍ത്ത് പോയിരുന്നു. ഒഴുക്കുകൂടിയതോടെ അതിരപ്പിള്ളിയിലേക്ക് സഞ്ചാരികളും ധാരാളമെത്തുന്നുണ്ട്. മൺസൂൺ ടൂറിസവും മഴയാത്രാ സംഘങ്ങളുമെല്ലാം അതിരപ്പിള്ളി കേന്ദ്രീകരിച്ച് ധാരാളം എത്തുന്നുണ്ട്. കാടിന്‍റെയും വെള്ളച്ചാട്ടത്തിന്‍റെയും ഭംഗി ആസ്വദിക്കാനെത്തുന്നവര്‍ അവധി ദിവസങ്ങളാകുമ്പോൾ വീണ്ടും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അതേസമയം പെരിങ്ങൽക്കുത്ത് ഡാം തുറന്ന് വിട്ടതോടെ രണ്ട് അടിയെങ്കിലും ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. ഒഴുക്കു കൂടാൻ ഇടയുള്ളതിനാൽ പുഴയിലിറങ്ങുന്നതിൽ അടക്കം സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ട് 

 

click me!