Latest Videos

സഭാ തര്‍ക്കം: യാക്കോബായ വിഭാഗവുമായി ചര്‍ച്ച, ഓര്‍ത്തഡോക്സ് പ്രതിനിധി മന്ത്രിയെ വീട്ടിലെത്തി കണ്ടു

By Web TeamFirst Published Jul 11, 2019, 5:29 PM IST
Highlights

ഒന്നിച്ചിരിക്കാൻ തയ്യാറല്ലെന്ന് ഓർത്തഡോക്സ് സഭാ പ്രതിനിധികൾ അറിയിച്ചതോടെ വെവ്വേറെ ചർച്ച നടത്തുകയാണ് മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി. കായംകുളത്ത് മരിച്ച വൃദ്ധയുടെ മൃതദേഹം സഭാ തര്‍ക്കത്തെ തുടര്‍ന്ന് സെമിത്തേരിക്ക് പുറത്ത് കല്ലറയൊരുക്കിയാണ് നടത്തിയത്. 

തിരുവനന്തപുരം: ഓര്‍ത്തഡോക്സ് യാക്കോബായ സഭാ തര്‍ക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യാക്കോബായ സഭാ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ഇപി ജയരാജന്‍റെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതിയാണ് ചര്‍ച്ച നടത്തിയത്. യുഹാന്നോൻ മാർ മിലിത്തിയോസ്,  ഡോ ഗീവർഗീസ് മാർ കൂറിലോസ് , ഡോ കുര്യാക്കോസ് മാർ തെയോഫിലോസ് തുടങ്ങിയവർ പങ്കെടുത്തു.  

മന്ത്രി ഇ പി ജയരാജനുമായി വൈകിട്ട് മൂന്നരയോടെ കൂടിക്കാഴ്ച നടത്തിയ യാക്കോബായ സഭാ പ്രതിനിധികൾ, ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കി. ഇത് നിയമപ്രശ്നം മാത്രമല്ല, വിശ്വാസപ്രശ്നം കൂടിയാണ്. മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിന് സൗകര്യമൊരുക്കണം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്തി സമവായത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് വ്യക്തമാക്കി.

അതേസമയം, ചർച്ചകൾ തുടരുമെന്ന് മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കി. കോടതിവിധി അംഗീകരിച്ചുകൊണ്ട് വിധിയുടെ അന്തഃസത്ത നടപ്പാക്കാനാണ് ശ്രമം. മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. പള്ളിത്തർക്കത്തിലെ വിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്ന പരാമർശം വിധിയിലില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ചർച്ചകൾ തുടരുമെന്നും ഓർത്തഡോക്സ് സഭാ വിഭാഗവുമായും ചർച്ച നടത്തുമെന്നും മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഉപസമതിയുമായി ചർച്ചയ്ക്കെത്താത്ത ഓർത്തഡോക്സ് വിഭാഗം, പിന്നീട് പിആർഒയുടെ നേതൃത്വത്തിൽ മന്ത്രിയെ വീട്ടിലെത്തി കാണുകയായിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കാതോലിക്കാ ബാവയുടെ കത്ത് കൈമാറിയെന്നും കാതോലിക്കാ ബാവയുടെ അനുമതിയോടെയാണ് മന്ത്രിയുമായി കൂടിക്കാഴ്ച്ചക്കെത്തിയതെന്നും പിആര്‍ഒ പ്രതികരിച്ചു. കോടതി അലക്ഷ്യ നടപടി ഉണ്ടായാൽ വീണ്ടും സുപ്രീംകോടതിയെ  സമീപിക്കുമെന്നും ഓര്‍ത്തഡോക്സ് പ്രതിനിധി നിലപാടെടുത്തു. എന്നാൽ ഒരു വട്ടം കൂടി യാക്കോബായ വിഭാഗത്തെ കണ്ട ശേഷം തീരുമാനം അറിയിക്കാമെന്നാണ് ഉപസമിതി അധ്യക്ഷൻ അറിയിച്ചതെന്നും ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്കി.  

തർക്കം തീർക്കാൻ ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി ചർച്ച നടത്താനാണ് മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരുന്നത്. ചർച്ചയ്ക്കില്ലെന്ന് ഓർത്തഡോക്സ് സഭ നിലപാടെടുത്തതോടെ സമവായനീക്കം പൊളിയുകയായിരുന്നു. എന്നാൽ ഉപസമിതി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്താമെന്ന് ഒടുവിൽ ഓർത്തഡോക്സ് സഭ സമ്മതിക്കുകയായിരുന്നു. കൂടിക്കാഴ്ചക്ക് തയ്യാറായെങ്കിലും സഭാ തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ തന്നെയാണ് ഓർത്തഡോക്സ് സഭ. 

read also:സഭാതര്‍ക്കം: ഒരാഴ്ചയ്ക്ക് ശേഷം 84കാരിയുടെ മൃതദേഹം സെമിത്തേരിക്ക് പുറത്ത് സംസ്കരിച്ചു

click me!