മരട് ഫ്ലാറ്റുകൾ പൊളിച്ചേ തീരുവെന്ന് സുപ്രീംകോടതി: പുനഃപരിശോധനാ ഹർജികൾ തള്ളി

By Web TeamFirst Published Jul 11, 2019, 5:16 PM IST
Highlights

മരടിലെ അഞ്ച് അപ്പാർട്ട്മെന്‍റുകൾ പൊളിക്കാനാണ് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനായിരുന്നു നടപടി

ദില്ലി: തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കണമെന്ന ഉത്തരവിൽ ഉറച്ച് സുപ്രീംകോടതി. ഫ്ളാറ്റ് ഉടമകളും നിര്‍മ്മാതാക്കളും നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സൂക്ഷ്മമായി ഹര്‍ജികൾ പരിശോധിച്ചുവെന്നും ഹര്‍ജികളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് പുനഃപരിശോധന ഹര്‍ജികൾ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ജസ്റ്റിസുമാരായ അരുണ്‍മിശ്രയും നവീൻ സിൻഹയും വ്യക്തമാക്കുന്നത്. 

ഇതോടെ ഫ്ളാറ്റുടമകൾക്ക് മുന്നിലെ നിയമവഴികൾ അടയുകയാണ്. ഇനി ഉത്തരവിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുത്തൽ ഹര്‍ജി വേണമെങ്കിൽ നൽകാം. അതിലും വ്യത്യസ്ത ഉത്തരവിനുള്ള സാധ്യതയില്ല. എറണാകുളം ജില്ലയിലെ മരട് നഗരസഭക്ക് കീഴിൽ തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ടുമെന്‍റ്, ആൽഫ വെഞ്ചേഴ്സ് എന്നീ എന്നീ അഞ്ച് ഫ്ളാറ്റ് സുമച്ചയങ്ങളാണ് പൊളിക്കേണ്ടിവരിക. 

30 ദിവസത്തിനകം ഫ്ളാറ്റുകൾ പൊളിച്ചുമാറ്റാൻ മെയ് 8നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. കേസിൽ തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ളാറ്റുടമകൾ നൽകിയ ഹര്‍ജി കഴിഞ്ഞ ജൂലായ് 5ന് കോടതി തള്ളിയിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന താക്കീതോടെയായിരുന്നു ജൂലായ് 5ലെ ഉത്തരവ്. അതിന് ശേഷമാണ് ഇപ്പോൾ പുനഃപരിശോധന ഹര്‍ജികൾ കൂടി തള്ളിയത്.

click me!