സിഐ നവാസിന്‍റെ തിരോധാനം: പ്രത്യേക സംഘം അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ്

By Web TeamFirst Published Jun 13, 2019, 6:51 PM IST
Highlights

സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് പൃഥിരാജിന്‍റെ നേതൃത്വത്തിൽ ഡിജിപിക്ക് നിവേദനം നൽകിയിരുന്നു.

തിരുവനന്തപുരം: സി ഐ നവാസിനെ കാണാതായ സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഡിജിപിയുടെ ഉത്തരവ്. കൊച്ചി ഡി സി പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് സി ഐ നവാസിന്‍റെ തിരോധാനം അന്വേഷിക്കുക.

സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് പൃഥിരാജിന്‍റെ നേതൃത്വത്തിൽ ഡിജിപിക്ക് നിവേദനം നൽകിയിരുന്നു. തുടര്‍ന്ന് ഇന്നലെ കൊച്ചി അസി.കമ്മിഷണറും സിഐമായുണ്ടായ തർക്കത്തെ കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കൊച്ചി കമ്മിഷണർക്ക് ഡിജിപി നിർദ്ദേശം നൽകി. 

വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ ഇന്നലെ ഈ ഉദ്യോഗസ്ഥന്‍ ഒഴിഞ്ഞതായി വിവരമുണ്ട്. 

ഇന്നലെ ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്‍റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്‍റെ സിം കീഴുദ്യോഗസ്ഥന് കൈമാറുയുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. ഇതിന് ശേഷം ഇദ്ദേഹം തന്‍റെ ഭാര്യയ്ക്ക് എസ്എംഎസ് അയച്ചതായും സൂചനയുണ്ട്. 

ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ ഗൗരവമായി അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ഇന്ന് രാവിലെ ചുമതലയേറ്റ ഐജി വിജയസാക്കറെ അറിയിച്ചിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സിഐയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഐജി വ്യക്തമാക്കിയിരുന്നു. . 


 

click me!