പ്രതികളെ സഹായിക്കുന്ന സിഐ സുധിലാലിനെതിരെ അന്വേഷണ റിപ്പോർട്ട്; പിന്നാലെ സസ്പെൻഷൻ ഉത്തരവിട്ട് ഐജി

Published : Nov 19, 2022, 06:00 PM IST
പ്രതികളെ സഹായിക്കുന്ന സിഐ സുധിലാലിനെതിരെ അന്വേഷണ റിപ്പോർട്ട്; പിന്നാലെ സസ്പെൻഷൻ ഉത്തരവിട്ട് ഐജി

Synopsis

കായംകുളം ഡിവൈഎസ്പി നൽകിയ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കി ദക്ഷിണ മേഖലാ ഐജി പി പ്രകാശാണ് സുധിലാലിനെ സസ്പെന്റ് ചെയ്തത്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായ സുധിലാലിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു . കൃത്യവിലോപം, അധികാര ദുർവിനിയോഗം, പ്രതികളെ സഹായിക്കൽ തുടങ്ങിയ കുറ്റങ്ങളെ തുടർന്നാണ് സസ്പെൻഷൻ. മൂന്ന് കേസുകളുടെ അന്വേഷണത്തിൽ ഇയാൾ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തി. പ്രതികളിൽ നിന്ന് പണം വാങ്ങിയെന്നും ആരോപണം ഉയർന്നിരുന്നു. സിഐക്കെതിരായ പരാതിയിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കായംകുളം ഡിവൈഎസ്പി നൽകിയ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കി ദക്ഷിണ മേഖലാ ഐജി പി പ്രകാശാണ് സുധിലാലിനെ സസ്പെന്റ് ചെയ്തത്.

അതേസമയം എറണാകുളത്ത് യുവതി നൽകിയ ബലാത്സംഗ പരാതിയിൽ കുറ്റാരോപിതനായ സിഐ സുനുവിന്റെ ശബ്ദസന്ദേശം പുറത്ത് വന്നു. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും ചെയ്യാത്ത കുറ്റത്തിനാണ് എല്ലാവരും ചേർന്ന് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്നും സുനു ആരോപിക്കുന്നു. നിലവിലെ കേസിൽ തെളിവില്ലാത്തതിനാൽ മറ്റ് പല രീതിയിലും തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്നും ഇയാൾ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഓഡിയോ പ്രചരിക്കുന്നത്. കേസിൽ സുനുവിനെ പ്രതിചേർത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.

ബേപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടറാണ് പി ആർ സുനു. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്. ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലെ പ്രതിയാണ്. നിലവിൽ അന്വേഷണം അവസാനിപ്പിച്ചതടക്കം സുനുവിനെതിരായ എല്ലാ കേസുകളും പുനപ്പരിശോധിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. 

തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ യുവതിയുടെ ആരോപണങ്ങൾ ശരിവക്കുന്ന തെളിവുകൾ കണ്ടാത്താനായിട്ടില്ല. സുനുവടക്കം  പത്ത് പ്രതികൾ ഉണ്ടെന്ന് പറയുമ്പോഴും എല്ലാവരിലേക്കും എത്താനും കഴിഞ്ഞിട്ടില്ല. അഞ്ച് പേരെ ഇനിയും തിരിച്ചറിയാനുണ്ട്. യുവതിയുടെ വീട്ടിൽ ജോലിക്ക് നിന്ന വിജയലക്ഷ്മിയുടെ ഒത്താശയോടെ രണ്ട് സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കൂട്ട ബലാൽസംഗം നടന്നെന്ന പരാതിയിൽ മെഡിക്കൽ പരിശോധനയിൽ തെളിവ് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
 

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്