
കൊച്ചി: തൃക്കാക്കരയിൽ യുവതി നൽകിയ ബലാത്സംഗ പരാതിയിൽ കുറ്റാരോപിതനായ സിഐ സുനുവിന്റെ ശബ്ദസന്ദേശം പുറത്ത്. താനും കുടുംബവും ആത്മഹത്യയുടെ വക്കില്ലെന്ന് ശബ്ദസന്ദേശത്തിൽ സുനു പറയുന്നു. ചെയ്യാത്ത കുറ്റത്തിനാണ് എല്ലാവരും ചേർന്ന് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നത്. നിലവിലെ കേസിൽ തെളിവില്ലാത്തതിനാൽ മറ്റ് പല രീതിയിലും തന്നെ കുടുക്കാൻ ശ്രമിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഓഡിയോ പ്രചരിക്കുന്നത്. കേസിൽ സുനുവിനെ പ്രതിചേർത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.
ബേപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടറാണ് പി ആർ സുനു. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ്. ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലെയും പ്രതിയാണ്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇയാൾക്കെതിരെ നിലവിൽ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുനപ്പരിശോധിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. ഇതോടെ സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടേക്കുമെന്ന നിലയിലാണ് സുനുവിന്റെ ഭാവി.
തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ യുവതിയുടെ ആരോപണങ്ങൾ ശരിവക്കുന്ന തെളിവുകൾ കണ്ടാത്താനായില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പിടിയിലാകാനുള്ള പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.തുടർച്ചയായ ചോദ്യം ചെയ്യലുകൾക്കൊടുവിലും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തില്ല.സുനുവടക്കം പത്ത് പ്രതികൾ ഉണ്ടെന്ന് പറയുമ്പോഴും എല്ലാവരിലേക്കും എത്താനും കഴിഞ്ഞിട്ടില്ല. അഞ്ച് പേരെ ഇനിയും തിരിച്ചറിയാനുണ്ട്. യുവതിയുടെ വീട്ടിൽ ജോലിക്ക് നിന്ന വിജയ ലക്ഷ്മി, വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവൻ, എസ്എച്ച്ഒ പി ആർ സുനു എന്നിവരാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്. ക്ഷേത്ര ജീവനക്കാരനായ അഭിലാഷ്, പരാതിക്കാരിയുടെ ഭർത്താവിന്‍റെ സുഹൃത്ത് ശശി എന്നിവരാണ് കേസിലെ തിരിച്ചറിഞ്ഞ മറ്റ് പ്രതികൾ. വിജയലക്ഷ്മിയുടെ ഒത്താശയോടെ രണ്ട് സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കൂട്ട ബലാൽസംഗം നടന്നെന്ന പരാതിയിൽ മെഡിക്കൽ പരിശോധനയിൽ തെളിവ് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam