തന്‍റെ ഭാഗം കേട്ടില്ലെന്ന് സിബി മാത്യൂസ്, സത്യം ജയിക്കുമെന്ന് വിജയൻ, പ്രതികരിക്കാനില്ലെന്ന് ജോഷ്വ

By Web TeamFirst Published Apr 15, 2021, 12:53 PM IST
Highlights

സുപ്രീം കോടതി നിയോഗിച്ച ജയിൻ കമ്മിറ്റി തന്റെ ഭാഗം കേൾക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ ഉണ്ടായിട്ടും ഒന്ന് വിളിച്ച് അന്വേഷിക്കുക പോലും ചെയ്തില്ലെന്നും സിബി മാത്യൂസ് പ്രതികരിച്ചു.

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട നമ്പി നാരായണനെതിരായ ഗൂഢാലോചനാ കേസ് സിബിഐയോട് അന്വേഷിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചതിന് പിന്നാലെ പ്രതികരിച്ച് ആരോപണവിധേയരായ അന്നത്തെ പൊലീസ് ഉദ്യോഗസ്ഥർ. അന്വേഷണത്തെ സ്വാഗതം ചെയ്ത ഉദ്യോഗസ്ഥർ സിബിഐ തങ്ങളെ കേൾക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. 

സുപ്രീം കോടതി നിയോഗിച്ച ജയിൻ കമ്മിറ്റി തന്റെ ഭാഗം കേൾക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ ഉണ്ടായിട്ടും ഒന്ന് വിളിച്ച് അന്വേഷിക്കുക പോലും ചെയ്തില്ലെന്നും സിബി മാത്യൂസ് പ്രതികരിച്ചു. ചാരക്കേസിൽ സ്വന്തം നിലയിലല്ല പകരം ഉദ്യോഗസ്ഥനെന്ന നിലയിലാണ് അന്വേഷണം നടത്തിയതെന്ന് പറഞ്ഞ അദ്ദേഹം സിബിഐ തന്റെ ഭാഗം വിശദീകരിക്കാൻ അവസരം തരുമെന്നാണ് കരുതുന്നതെന്നും കൂട്ടിച്ചേർത്തു. ചാരക്കേസിൽ അന്വേഷണ സംഘത്തിന്റെ തലവൻ കൂടിയായിരുന്ന സിബി  മാത്യൂസാണ് നമ്പി നാരായണനെ കേസിൽ അറസ്റ്റ് ചെയ്തിരുന്നത്. 

അതേ സമയം ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് ചാരക്കേസ് ആദ്യമായി റിപ്പോർട്ട് ചെയ്ത സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന എസ് വിജയൻ പ്രതികരിച്ചു. ചാരക്കേസ്  സംഭവിച്ചിട്ടുണ്ടെന്ന് ആവർത്തിച്ച അദ്ദേഹം സത്യമേ ജയിക്കുകയുള്ളൂ എന്നും എന്താണ് ഈ കേസിൽ സംഭവിച്ചതെന്ന് പറയാൻ തനിക്ക് ഒരിടത്തും കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞു.

സുപ്രീം കോടതി നിയോഗിച്ച സമിതിയും ഇക്കാര്യം ചോദിച്ചില്ല. ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിന് മുന്നിൽ വസ്തുതകൾ പറയാൻ കഴിയുമെന്ന് വിശദീകരിച്ച അദ്ദേഹം നമ്പി നാരായണനെതിരെയും ആഞ്ഞടിച്ചു. നമ്പി നാരായണൻ രാജ്യത്തിന് എന്ത് സംഭവനയാണ് നൽകിയത്? തനിക്കും സിബി മാത്യൂസിനും പറയാനുള്ളത് കേൾക്കണം. താൻ നമ്പി നാരായണനെതിരെ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ആരോപണവിധേയരായവരെ കേൾക്കാൻ തയ്യാറാകുന്നില്ല. സി ബി ഐ വീണ്ടും അന്വേഷിക്കട്ടെ സത്യം പുറത്തു വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എന്നാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് അന്നത്തെ ഡിവൈഎസ്പി കെ കെ. ജോഷ്വ പറഞ്ഞു. എല്ലാം പിന്നെ പറയാമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ജോഷ്വായുടെ മറുപടി. 

ഐഎസ്ആര്‍ ഒ ചാരക്കേസിൽ നമ്പിനാരായണനെതിരെ നടന്ന ഗൂഡാലോചനയും സിബിഐയോട് അന്വേഷിക്കാൻ സൂപ്രീം കോടതി നിർദ്ദേശിക്കുകയായിരുന്നു. ഗൂഡാലോചനയെ കുറിച്ചുള്ള ജസ്റ്റിസ് ഡി.കെ.ജയിൻ സമിതി റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറാനും സുപ്രീംകോടതി ഉത്തരവിട്ടു. നമ്പിനാരായണനെ ചാരക്കേസിൽ കുടുക്കാൻ നടന്ന ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാൻ 2018ലാണ് റിട്ട . ജസ്റ്റിസ് ഡി.കെ.ജയിനിന്‍റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്. 

 

click me!