വാക്സീന് ക്ഷാമം; സ്റ്റോക്ക് മൂന്ന് ദിവസത്തേക്കുള്ളത് മാത്രം, മെഗാ ക്യാംപുകള്‍ കുറയ്ക്കാൻ നിര്‍ദേശം

By Web TeamFirst Published Apr 15, 2021, 12:19 PM IST
Highlights

തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ കൊവിഷീൽഡ് വാക്സീൻ ഒരു ഡോസ് പോലും ഇല്ല. പതിനാല് ജില്ലകളിലും കൊവാക്സീൻ സ്റ്റോക്ക് 40000നും താഴെയാണ്. 

തിരുവനന്തപുരം: കൊവിഡ് വാക്സീന്‍ ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ വാക്സിനേഷൻ ക്യാമ്പുകളുടെ പ്രവർത്തനം താളം തെറ്റി. മൂന്ന് ദിവസത്തേക്കുള്ള വാക്സീൻ മാത്രമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. രോഗവ്യാപന തീവ്രത തടയാൻ ലക്ഷ്യമിട്ടാണ് സംസ്ഥാനം മെഗാ വാക്സിനേഷൻ ക്യാമ്പുകള്‍ തുടങ്ങിയത്. ദിനംപ്രതി രണ്ടര ലക്ഷം പേരെ വാക്സീനെടുപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വാക്സീൻ ക്ഷാമം തിരിച്ചടിയായി. 

തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ കൊവിഷീൽഡ് വാക്സീൻ ഒരു ഡോസ് പോലും ഇല്ല. പതിനാല് ജില്ലകളിലും കൊവാക്സീൻ സ്റ്റോക്ക് 40000നും താഴെയാണ്. അതായത് പരമാവധി മൂന്ന് ദിവസത്തേക്ക് മാത്രമുള്ള സ്റ്റോക്ക് മാത്രമാണുള്ളത്. ഇതോടെ ജില്ലകളോട് മെഗാ വാസ്കിനേഷൻ ക്യാംപുകളുടെ എണ്ണം കുറയ്ക്കാൻ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. തിരുവനന്തപുരം ജില്ലയില്‍ 188 ക്യാമ്പുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത് 57 എണ്ണം മാത്രമാണ്. പാലക്കാട് പ്രവര്‍ത്തിച്ചിരുന്ന 110 ക്യാംപുകളില്‍ പ്രവര്‍ത്തിക്കുന്നത് 54 എണ്ണമാണ്. മിക്ക ജില്ലകളിലും സ്ഥിതി ഇതുതന്നെയാണ്.

കേരളത്തില്‍ കൊവാക്സീൻ എത്തുന്നത് കുറവാണ്. അതുകൊണ്ട് സ്റ്റോക്കുളള കൊവാക്സീൻ മുഴുവനും ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്. രണ്ടാം ഡോസിനുള്ളത് കരുതിയശേഷം മാത്രം ഒന്നാം ഡോസ് നല്‍കിയാൽ മതിയെന്നാണ് നിര്‍ദേശം. വാക്സീൻ ക്ഷാമം മുന്നില്‍ കണ്ട് 25 ലക്ഷം വീതം കൊവിഷീൽഡും കൊവാക്സീനും കേരളത്തിലെത്തിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആകെ കിട്ടിയത് 2 ലക്ഷം ഡോസ് കൊവാക്സീൻ മാത്രമാണ്. ഇരുപതാം തിയതിക്ക് മുമ്പ് കൂടുതൽ വാക്സീൻ കിട്ടിയില്ലെങ്കില്‍ വാക്സിനേഷൻ പൂര്‍ണമായും മുടങ്ങും.


 

click me!