സിംസ് പദ്ധതി: സ്വകാര്യ കമ്പനിയെ സഹായിക്കാൻ ഡിജിപിയുടെ ഇടപെടൽ; പൊലീസിന് ഗുണമെന്ന് വിശദീകരണം

By Web TeamFirst Published Dec 2, 2020, 10:53 AM IST
Highlights

ഗ്യാലക്സോൺ കമ്പനിയെ ഏൽപിച്ച, വീടുകളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കാനുള്ള പദ്ധതിയിൽ സഹകരണ സ്ഥാപനങ്ങൾ ചേരണമെന്ന് രജിസ്ട്രാർക്ക് ഡിജിപി കത്തയച്ചു. പദ്ധതിയിൽ വെറും 12 സ്ഥാപനങ്ങൾ മാത്രം ചേർന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ ഇടപെടൽ.

തിരുവനന്തപുരം: സിംസ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനിയെ വീണ്ടും സഹായിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ. ഗ്യാലക്സോൺ കമ്പനിയെ ഏൽപിച്ച, വീടുകളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കാനുള്ള പദ്ധതിയിൽ സഹകരണ സ്ഥാപനങ്ങൾ ചേരണമെന്ന് രജിസ്ട്രാർക്ക് ഡിജിപി കത്തയച്ചു. പദ്ധതിയിൽ വെറും 12 സ്ഥാപനങ്ങൾ മാത്രം ചേർന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ ഇടപെടൽ. സ്ഥാപനങ്ങളെ കണ്ടത്തേണ്ടത് കരാർ കമ്പനിയാണ് എന്നിരിക്കെയാണ് ഡിജിപി തന്നെ കമ്പനിയെ സഹായിക്കാൻ കത്തയച്ചിരിക്കുന്നത്. 

അതേസമയം, കെൽട്രോൺ ആവശ്യപ്പെട്ട പ്രകാരമാണ് സഹകരണ രജിസ്ട്രാർക്ക് കത്തയച്ചതെന്നാണ് ഡിജിപിയുടെ വിശദീകരണം. ഒന്നര വർഷമായിട്ടും പദ്ധതിയിൽ പരമാവധി പേരെ ചേർക്കാനായിട്ടില്ല. കൊവിഡ് കാലത്ത് പൊലീസിന് എല്ലാ സ്ഥാപനങ്ങളുടെയും നിരീക്ഷണം സാധ്യതമല്ല. സഹകരണ സ്ഥാപനങ്ങളുടെ സുരക്ഷ മുൻ നിർത്തിയാണ് താൻ കത്തയച്ചത്. സിംസ് വിജയിച്ചാൽ പൊലീസിനും വരുമാനമുണ്ടാകുമെന്നും ഡിജിപി വിശദീകരിക്കുന്നു. 

എന്താണ് സിംസ് പദ്ധതി?

സെൻട്രൽ ഇൻസ്ട്രക്ഷൻ മോണിറ്ററിംഗ് (സിസ്റ്റം സിംസ്) പൊലീസിൻറെ നിയന്ത്രണത്തിലുള്ള സ്വകാര്യ കണ്‍ട്രോള്‍ റൂം. പൊലീസ്  ആസ്ഥാനത്താണ് പദ്ധതിക്ക് സ്ഥലം അനുവദിച്ചത്. കെൽട്രോൺ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കെൽട്രോൺ ഉപകരാർ നൽകിയത് ഗാലക്സോണ്‍ എന്ന സ്വകാര്യ കമ്പനിക്കാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും പണം വാങ്ങി 24 മണിക്കൂർ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനാണ് പദ്ധതി. ഉപഭോക്താക്കളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം കരാർ കമ്പനിക്കാണ്. നിരീക്ഷണവും നിയന്ത്രണവും പൂർണമായും കമ്പനി ചെയ്യണമെന്നാണ് വ്യവസ്ഥ. അവശ്യഘട്ടത്തിൽ മാത്രം പൊലീസിനെ വിവരം അറിയിക്കണം. 77 ശതമാനം ലാഭവിഹിതം ഗാലക്സോൺ കമ്പനിക്ക്, 13 ശതമാനം കെൽട്രോണിന്, 10 ശതമാനം സർക്കാരിന് എന്നാണ് വ്യവസ്ഥ. പദ്ധതിയുടെ നിക്ഷേപമായ 18 ലക്ഷവും മുടക്കിയത് ഗാലക്സോൺ ആണ്. 

click me!