മൂത്തൂറ്റ് ബ്രാഞ്ചില്‍ ജോലിക്കെത്തിയ വനിതാ ജീവനക്കാര്‍ക്ക് നേരെ മുട്ടയേറ്; സിഐടിയുകാര്‍ക്കെതിരെ പരാതി

By Web TeamFirst Published Jan 17, 2020, 1:12 PM IST
Highlights

സ്ഥലത്തെ സിഐടിയു തൊഴിലാളികളാണ് ആക്രമണം നടത്തിയതെന്ന് മൂത്തൂറ്റ് ജീവനക്കാര്‍ പറയുന്നു. സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ കേസടുത്ത് വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. 

കോട്ടയം: കോട്ടയത്ത് മൂത്തൂറ്റ് ബ്രാഞ്ചില്‍ ജോലിക്കെത്തിയ വനിതാ ജീവനക്കാര്‍ക്ക് നേരെ മുട്ടയേറ്. സിഐടിയു തൊഴിലാളികളാണ് ആക്രമണം നടത്തിയതെന്ന്  ചൂണ്ടിക്കാട്ടി ജീവനക്കാര്‍ കോട്ടയം വെസ്റ്റ് സ്റ്റേഷനില് പരാതി നല്‍കി. രാവിലെ എട്ടരയ്ക്കാണ് സംഭവം. മുത്തൂറ്റിന്‍റെ കോട്ടയത്തെ മൂന്ന് ശാഖകളിലെ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. 

ബേക്കര്‍ ജംഗ്ഷനിലും ക്രൗണ‍്‍പ്ലാസയിലും ഇല്ലിക്കലിലും ജോലിക്കെത്തിയെ വനിതാ ജീവനക്കാര്‍ക്ക് നേരെ മുട്ട എറിഞ്ഞു എന്നാണ് പരാതി. പത്ത് വനിതാ ജീവനക്കാരാണ് പരാതിയുമായി വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. സ്ഥലത്തെ സിഐടിയു തൊഴിലാളികളാണ് ആക്രമണം നടത്തിയതെന്ന് മൂത്തൂറ്റ് ജീവനക്കാര്‍ പറയുന്നു. സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ കേസടുത്ത് വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സിഐടിയു ഒരു തരത്തിലുള്ള ആക്രമണങ്ങളേയും പ്രോത്സാഹിപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി ടിആര്‍ രഘുനാഥൻ വ്യക്തമാക്കി 

അതേസമയം മുത്തൂറ്റ് തൊഴില്‍ തര്‍ക്കത്തില്‍ ചര്‍ച്ച തുടരണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.  ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ മുത്തൂറ്റ് യൂണിയൻ പ്രതിനിധി എം സ്വരാജ് എംഎല്‍എ മോശമായി പെരുമാറി എന്ന് മാനേജ്മെന്‍റ് ഹൈക്കോടതിയെ അറിയിച്ചു. അതേസമയം സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം മാന്യമായാണ് പെരുമാറിയതെന്നും മാനേജ്മെന്‍റ് പറഞ്ഞു. വൈകാരികമായ സംഭാഷണത്തിനിടയില്‍ അങ്ങനെ സംഭവിച്ച് പോകുമെന്ന് പറഞ്ഞ കോടതി തൊഴില്‍ തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ച തുടരണമെന്ന് വ്യക്തമാക്കി. തിങ്കളാഴ്ച എറണാകുളത്ത് വച്ചാണ് അടുത്ത ചര്‍ച്ച..കേസ് ബുധനാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.

click me!