'സൂക്ഷിച്ചില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരും'; ലോക്ഡൗണ്‍ ഇളവിന് പിന്നാലെ നഗരങ്ങളില്‍ തിരക്ക്

By Web TeamFirst Published Jun 24, 2021, 7:23 AM IST
Highlights

മൂന്നാംതരംഗത്തിന്റെ പേടിയുണ്ടെങ്കിലും നിസാരകാര്യങ്ങള്‍ക്ക് പോലും പലരും പുറത്തിറങ്ങി തുടങ്ങി. രോഗ വ്യാപനത്തിന്റെ തോത് പിടിച്ച് കെട്ടാന്‍ കഴിയാത്ത അവസ്ഥയില്‍ ഈ തിരക്ക് വലിയ ആശങ്കയാണ്. അശാസ്ത്രീയമായ രീതിയിലുള്ള ലോക്ഡൗണ്‍ ഇളവുകളും തിരക്ക് കൂട്ടാന്‍ കാരണമായെന്നാണ് പലരുടെയും അഭിപ്രായം.
 

കോഴിക്കോട്: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ വന്നതിന് പിന്നാലെ പൊതുഇടങ്ങളില്‍  വന്‍ തിരക്ക്. കോഴിക്കോട് നഗരത്തില്‍ നിരത്തുകളിലും കടകളിലും രാവിലെ മുതല്‍ വലിയ ജനക്കൂട്ടമാണ്. മൂന്നാംതരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുമ്പോഴും നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നത് ആശങ്കയാണ്.

രാവിലെ മുതല്‍ വൈകീട്ട് വരെ കോഴിക്കോട് നഗരത്തിലെ കാഴ്ച ഇതാണ്. പലയിടത്തും വന്‍ ജനക്കൂട്ടം. ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ആളുകള്‍ പുറത്തിറങ്ങി തുടങ്ങിയതോടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. പലരും കൊവിഡ് മാനദണ്ഡങ്ങളെല്ലാം മറന്ന മട്ടാണ്.  മാസ്‌കും സാനിറ്റൈസറുമെല്ലാമുണ്ടെങ്കിലും സാമൂഹിക അകലം  മഷിയിട്ട് നോക്കിയാല്‍ പോലും കാണാനില്ല. 

മൂന്നാംതരംഗത്തിന്റെ പേടിയുണ്ടെങ്കിലും നിസാരകാര്യങ്ങള്‍ക്ക് പോലും പലരും പുറത്തിറങ്ങി തുടങ്ങി. രോഗ വ്യാപനത്തിന്റെ തോത് പിടിച്ച് കെട്ടാന്‍ കഴിയാത്ത അവസ്ഥയില്‍ ഈ തിരക്ക് വലിയ ആശങ്കയാണ്. അശാസ്ത്രീയമായ രീതിയിലുള്ള ലോക്ഡൗണ്‍ ഇളവുകളും തിരക്ക് കൂട്ടാന്‍ കാരണമായെന്നാണ് പലരുടെയും അഭിപ്രായം. ബസുകള്‍ക്ക് ഒറ്റ ഇരട്ട നമ്പര്‍ ക്രമീകരണം ഒരുക്കിയതും ചില ദിവസങ്ങളില്‍ മാത്രം കടകള്‍ തുറക്കുന്നതും തിരക്ക് കൂട്ടാന്‍ കാരണമായെന്നാണ് നാട്ടുകാരും പറയുന്നു.

രോഗഭീതി ഒഴിഞ്ഞ് പോകാത്ത സാഹചര്യത്തില്‍ ഇളവുകള്‍ ആഘോഷമാക്കിയാല്‍ ഇനിയും കടുത്ത വില നല്‍കേണ്ടി വരും. വീണ്ടുമൊരു അടച്ചിടല്‍ ആര്‍ക്കും താങ്ങാനാകില്ല. ജാഗ്രത പുലര്‍ത്തിയേ മതിയാവു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!