
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ യുഡിഎഫുമായി സഹകരിക്കാനൊരുങ്ങി സികെ ജാനുവിന്‍റെ നേതൃത്വത്തിലുളള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി. ആദിവാസി പിന്നോക്ക വിഭാഗങ്ങളിലെ സംഘടനകളെ യോജിപ്പിച്ച് പരമാവധി വാര്‍ഡുകളില്‍ മല്‍സരിക്കാനും നീക്കമുണ്ട്. എന്‍ഡിഎ വിട്ടപ്പോള്‍ തന്നെ ഒരുപാട് പാര്‍ട്ടികള്‍ സംസാരിച്ചിരുന്നുവെന്നും ജെആര്‍പിക്കൊപ്പം സഹകരിക്കാനും തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും സികെ ജാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ ഭാരതീയ ദ്രാവിഡ ജനതാ പാര്‍ട്ടി ജെആര്‍പിയിൽ ലയിച്ചു. ചെറുതും വലുതുമായ പാര്‍ട്ടികള്‍ ജെആര്‍പിയുമായി സഹകരിക്കാൻ തയ്യാറായിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് ഏതെങ്കിലും മുന്നണിയുമായി യോജിച്ച് പോകണമെന്ന തീരുമാനം എടുത്തിട്ടുണ്ട്.
ഏതു മുന്നണിയെന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. മുന്നണി സമവാക്യത്തിൽ വരാതെ സമരം ചെയ്തു നടന്നാൽ ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ല. എന്തെങ്കിലും ഒരു രാഷ്ട്രീയ ഇടപെടലാണ് ആളുകളുടെ പ്രശ്നത്തിൽ ഉണ്ടാകേണ്ടത്. അതിന് നിലവിലുള്ള സംവിധാനവുമായി യോജിച്ചുപോകേണ്ടതുണ്ട്. അല്ലെങ്കിൽ സമരം ചെയ്ത് ആയുസ് തീരുമെന്ന അവസ്ഥയാണുള്ളത്. നിയമസഭയിലടക്കം ആദിവാസികളുടെ വിഷയങ്ങള്‍ ഉന്നയിക്കാൻ ശക്തരായവര്‍ ഉണ്ടാകണമെന്നും സികെ ജാനു പറഞ്ഞു. എന്‍ഡിഎയെ വിട്ട ജെആര്‍പി എൽഡിഎഫ് സര്‍ക്കാരിന്‍റെ സമീപനത്തിലും അതൃപ്തരാണ്. ഈ സാഹചര്യത്തിൽ യുഡിഎഫുമായി സഹകരിക്കാനുള്ള സാധ്യതകളാണ് പാര്‍ട്ടി പരിശോധിക്കുന്നതെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam