
തിരുവനന്തപുരം; ജിഎസ്ടി കൗണ്‍സിലിന്‍റെ തീരുമാനത്തില്‍ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പങ്കുവഹിച്ചിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. ഒരു സംസ്ഥാനം പോലും ഉത്പന്നങ്ങൾക്ക് വില കുറയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ എതിരഭിപ്രായം ഉന്നയിച്ചിട്ടില്ല. നേട്ടം ജനങ്ങൾക്ക് കിട്ടണം. എന്നാല്‍ നികുതി കുറയ്ക്കുന്ന സമയത്ത് പല കമ്പനികളും ഇതിന്‍റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കില്ല. കേന്ദ്ര മന്ത്രിമാര്‍ ഉൾപ്പെടെ ഈ വിഷയം സമ്മതിച്ചതാണ്. ഏതാനും മാസങ്ങൾ കഴിയുമ്പോൾ വീണ്ടും കാര്യാങ്ങൾ പഴയ നിലയിലേക്ക് മാറാന്‍ സാധ്യതയുണ്ട്. മാത്രമല്ല ജിഎസ്ടി പരിഷ്കരണത്തിന്‍റെ ഭാഗമായി കൃത്യമായ പഠനങ്ങൾ നടത്തിയിട്ടില്ല. 50,000 കോടി മുതല്‍ 2,00000 രൂപവരെ നഷ്ടം കേരളത്തിന് സംഭവിക്കാം എന്നുള്ള അഭിപ്രായങ്ങളുണ്ട് എന്ന് മന്ത്രി പ്രതികരിച്ചു.
കൂടാതെ ഇത്രയും പണം ഒരു വര്‍ഷം നഷ്ടപ്പെട്ടാല്‍ സാമൂഹിക ക്ഷേമ പെന്‍ഷന്‍, ശമ്പളം, വികസനം എന്നിവയ്ക്കുള്ള പണമാണ് സംസ്ഥാനങ്ങൾക്ക് നഷ്ടപ്പെടാന്‍ പോകുന്നത്. സംസ്ഥാനങ്ങൾക്ക് വേറെ വരുമാനം ഉണ്ടാക്കാന്‍ മാര്‍ഗം ഇല്ല. എല്ലാ സംസ്ഥാനങ്ങളുടേയും ആകെ വരുമാനത്തിന്‍റെ 41 ശതമാനവും ജിഎസ്ടിയില്‍ നിന്നാണ്. അത് നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ വലിയ പ്രശ്നം ആണ്. ഈ നഷ്ടം നികത്താന്‍ എന്ത് ചെയ്യും എന്നതില്‍ വ്യക്തതയില്ല. ജനങ്ങൾക്ക് ശമ്പളം ലഭിച്ചാല്‍ അല്ലേ കുറഞ്ഞ വിലയ്ക്ക് സാധനം വാങ്ങാന്‍ സാധിക്കൂ എന്നാണ് മന്ത്രി പറയുന്നത്.
രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അഞ്ചു ശതമാനവും, 18 ശതമാനം എന്നീ രണ്ടു സ്ലാബുകളില്‍ മാത്രമായിരിക്കും ഇന്ന് മുതൽ ജിഎസ്‍ടി നികുതി നിരക്ക്. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബിലാകും വരികയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വിലക്കുറവിന്‍റെ ഗുണം ജനങ്ങൾക്ക് ലഭ്യമാക്കാൻ വിപണിയിൽ നീരീക്ഷണം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പാലുൽപ്പന്നങ്ങൾക്കും ജിഎസ്ടി ഇളവ് ലഭിച്ചതോടെ മിൽമയുടെ പാലുൽപ്പന്നങ്ങൾക്ക് ഇന്ന് മുതല്‍ വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്. മില്‍മ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് 225 രൂപയ്ക്ക് ലഭിക്കും. 500 ഗ്രാം പനീറിന്‍റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും. ഒരു ലിറ്റർ മിൽമ വാനില ഐസ്ക്രീമിന്‍റെ വില 220 രൂപയിൽ നിന്ന് 196 രൂപയായും കുറഞ്ഞിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ലോട്ടറിയുടെ ജിഎസ് ടി കൂട്ടിയെങ്കിലും ടിക്കറ്റിന്‍റെ വില കൂടില്ല. നിലവിലെ ടിക്കറ്റ് നിരക്ക് തുടരുമെന്ന് ധനവകുപ്പ് വ്യക്തമാക്കി. സമ്മാനത്തുകയുടെ എണ്ണത്തിലും ഏജൻറുമാരുടെ കമ്മീഷനിലും മാറ്റം വരുത്താനാണ് തീരുമാനം. കമ്മീഷനിലായിരിക്കും വലിയ കുറവുണ്ടാകുക. ലോട്ടറി ജി എസ് ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായാണ് കൂടിയത്.
വിലക്കുറവ് സംബന്ധിച്ച് കർശന നിരീക്ഷണം ഉണ്ടാകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കമ്പനികൾ വിലക്കുറവിൻ്റെ ഗുണം ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാക്കും. അതേസമയം, കഴിഞ്ഞക്കാലത്തെ അധിക ജി എസ് ടിയുടെ ലാഭം സംസ്ഥാനങ്ങൾ ഉൾപ്പെടെ കേന്ദ്രം നൽകുമോയെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam