​ഗവർണർ സർക്കാർ പോര് ഒത്തുതീർപ്പാവുന്നു! നിയമസഭ പിരിഞ്ഞത് ഗവർണറെ അറിയിക്കും, നയപ്രഖ്യാപനത്തിന് ക്ഷണിക്കും

Published : Jan 04, 2023, 10:35 AM IST
 ​ഗവർണർ സർക്കാർ പോര് ഒത്തുതീർപ്പാവുന്നു! നിയമസഭ പിരിഞ്ഞത് ഗവർണറെ അറിയിക്കും, നയപ്രഖ്യാപനത്തിന് ക്ഷണിക്കും

Synopsis

സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണ്ണർ അനുമതി നൽകിയതോടെയാണ് സർക്കാരും വിട്ടുവീഴ്ചക്ക് തയ്യാറായത്

തിരുവനന്തപുരം: മാസങ്ങളായി നീളുന്ന സർക്കാർ - ഗവർണർ ചേരിപ്പോരിന് അവസാനം. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചു.  സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് ഗവർണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചത്. 

ഇതിനു മുന്നോടിയായി കേരള നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സർക്കാർ ഔദ്യോഗികമായി ഗവർണറെ അറിയിക്കും. ഗവർണറുമായി തത്കാലം പോര് വേണ്ടെന്ന നിലപാടിലാണ് സർക്കാർ എന്നാണ് അറിയുന്നത്. സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണ്ണർ അനുമതി നൽകിയതോടെയാണ് സർക്കാരും വിട്ടുവീഴ്ചക്ക് തയ്യാറായത്. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭായോഗം സഭാ സമ്മേളനം പിരിയുന്ന കാര്യം ഗവർണറെ അറിയിക്കാൻ തീരുമാനിച്ചു. ക്യാബിനറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

ഡിസംബർ 13-ന് നിയമസഭാ സമ്മേളനം അവസാനിച്ചെങ്കിലും ഇക്കാര്യം ഇതുവരെ രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനമായിരുന്നു ഇത്. സമ്മേളനം നീട്ടിക്കൊണ്ടു പോയി നേരെ ബജറ്റ് സമ്മേളനത്തിലേക്ക് കടക്കാനും ശേഷം നയപ്രഖ്യാപനം മെയ് മാസത്തിലേക്ക് നീട്ടാനുമായിരുന്നു സർക്കാർ നീക്കം. എന്നാൽ നിയമസഭാ സമ്മേളനം തീർന്നതായി രാജ്ഭവനെ അറിയിക്കുന്നതോടെ എട്ടാം സമ്മേളനത്തിലാവും ബജറ്റ് അവതരിപ്പിക്കുക എന്നുറപ്പായി.

കഴിഞ്ഞ ഒരു വർഷക്കാലമായി വളരെ മോശം ബന്ധമാണ് ഗവർണറും സർക്കാരും തമ്മിലുണ്ടായിരുന്നത്.വിവിധ വിഷയങ്ങളിൽ അടിച്ചും തിരിച്ചടിച്ചും ഇരുകൂട്ടരും മുന്നോട്ട് നീങ്ങുകയായിരുന്നു. സിപിഎമ്മും എൽഡിഎഫും ഗവർണർക്കെതിരെ ശക്തമായ നിലപാട് എടുത്തും രാജ്ഭവൻ മാർച്ച് അടക്കം നടത്തിയും രം​ഗത്തുണ്ടായിരുന്നു. ആഴ്ചകൾക്ക് മുൻപ് വരെ ​ഗവ‍‍ർണറും മുഖ്യമന്ത്രി ആരോപണപ്രത്യാരോപണങ്ങളുമായി വാ‍ർത്തകളിൽ നിറ‍ഞ്ഞുനിന്നിരുന്നു. സിപിഎം- എൽഡിഎഫ് നേതാക്കൾ പരസ്യമായി ​ഗവ‍ർണറെ ആക്രമിച്ചപ്പോൾ മന്ത്രിമാ‍ർ പരോക്ഷ വിമർശനം തുട‍ർന്നു. 

സജി ചെറിയാൻ്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് തടയാൻ ​ഗവ‍ർണർ ശക്തമായി ശ്രമിക്കും എന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാൽ മന്ത്രിമാരെ നിയമിക്കുന്നതിൽ പൂ‍ർണ അധികാരം മുഖ്യമന്ത്രിക്കാണെന്ന നിയമോപദേശം ലഭിച്ചതോടെ തുറന്ന യുദ്ധത്തിൽ നിന്നും ​ഗവർണർ പിന്മാറി. സജി ചെറിയാനെതിരായ ഹർജികൾ ഇപ്പോഴും കോടതികളിൽ പരി​ഗണനയിൽ ഉള്ള സാഹചര്യത്തിൽ ഈ തീരുമാനം മൂലമുണ്ടാവുന്ന എല്ലാ പ്രത്യാഘാതവും മുഖ്യമന്ത്രിയും സർക്കാരും ഒറ്റയ്ക്ക് നേരിടണം എന്ന് വ്യക്തമാക്കി   ​ഗവർണർ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകി. പ്രതീക്ഷിച്ച യുദ്ധത്തിൽ നിന്നും ​ഗവർണർ പിൻമാറിയതോടെയാണ് അതിനെ ശുഭസൂചനയായി കണ്ട് പോരാട്ടം മയപ്പെടുത്താനുള്ള തീരുമാനം സിപിഎമ്മും സ്വീകരിച്ചത്. ഇന്നലെ വൈകിട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പിണറായിയും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയതോടെയാണ് ​ഗവർണർക്കെതിരായ തുറന്ന യുദ്ധത്തിൽ നിന്നും എൽഡിഎഫും സർക്കാരും റിവേഴ്സ് എടുക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം