സന്നിധാനത്തെ കതിനപ്പുരയിലെ അപകടം; ഫയർഫോഴ്സിന്റെ പരിശോധന ഉടൻ

By Web TeamFirst Published Jan 4, 2023, 10:33 AM IST
Highlights

അപകടം നടന്ന അന്ന് തന്നെ സന്നിധാനത്ത ക്യാമ്പ് ചെയ്യുന്ന ഫയർഫോഴ്സ് യുണിറ്റ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ശബരിമല പോലുള്ള പ്രധാനപ്പെട്ട ഒരു സ്ഥലതുണ്ടായ അപകടം ആയതിനാൽ ഒരു ചെറിയ പിഴവ് പോലും പാടില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഫയർഫോഴ്‌സിലെ വിദഗ്ധരുടെ സേവനം നേടിയത്

സന്നിധാനം: ശബരിമല സന്നിധാനത്തെ കതിനപ്പുരയിലുണ്ടായ അപകടത്തിൽ ഫയർഫോഴ്സിന്റെ പരിശോധന ഉടൻ. എങ്ങനെ തീ പടർന്നുവെന്ന് ഫയർഫോഴ്സ് പരിശോധനയിൽ കണ്ടെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. തീ പടർന്നാണ് അപകടമുണ്ടായത് എന്നാണ് മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റ ശബരിമല സന്നിധാനത്തെ അപകടത്തെക്കുറിച്ച് ഫോറൻസിക് പരിശോധനയിൽ വ്യക്തമാകുന്നത് . എന്നാൽ എങ്ങനെ തീ വന്നു എന്ന കാര്യത്തിൽ ഉത്തരം കണ്ടെത്താനാവുക ഫയർഫോഴ്സിന്റെ പരിശോധനയിലാവും. അവരുടെ പരിശോധന ഉടൻ തന്നെയുണ്ടാകും.

അപകടം നടന്ന അന്ന് തന്നെ സന്നിധാനത്ത ക്യാമ്പ് ചെയ്യുന്ന ഫയർഫോഴ്സ് യുണിറ്റ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ശബരിമല പോലുള്ള പ്രധാനപ്പെട്ട ഒരു സ്ഥലതുണ്ടായ അപകടം ആയതിനാൽ ഒരു ചെറിയ പിഴവ് പോലും പാടില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഫയർഫോഴ്‌സിലെ വിദഗ്ധരുടെ സേവനം നേടിയത്. അപകടം സംബന്ധിച്ച് പത്തനംതിട്ട കളക്ടർ ദേവസ്വം മന്ത്രിക്ക് ഇന്നലെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഹൈക്കോടതിക്കും ഇന്ന് ഈ റിപ്പോർട്ട് നൽകും. അപകടത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിലെ വെടിവഴിപാട് താൽക്കാലികമായി നിർത്തിവയ്ക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു.

പൊട്ടിത്തെറിയല്ല, തീപിടിത്തമാണ് ഉണ്ടായത് എന്നാണ് മാളികപ്പുറം കതിന അപകടത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ സമര്‍പ്പിച്ച പ്രാഥമിക റിപ്പോർട്ട് വിശദമാക്കുന്നത്. രക്ഷാപ്രവർത്തനം അടക്കം സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചു. ഭാവിയിൽ അപകടം ആവർത്തിക്കാതിരിക്കാൻ കരുതൽ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് മാളികപ്പുറത്ത് തീപിടിത്തമുണ്ടായി മൂന്ന് പേര്‍ക്ക് പരിക്കേറ്റത്.  പരിക്കേറ്റ മൂന്നുപേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ 70% പൊള്ളലേറ്റ ജയകുമാറിന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. 

click me!