കാന്റീൻ പൂട്ടിക്കാനെത്തിയ ഉദ്യോ​ഗസ്ഥരും പൊലീസുകാരും തമ്മിൽ ഉന്തും തള്ളും

By Web TeamFirst Published Mar 28, 2020, 1:42 PM IST
Highlights

കഴിഞ്ഞ ദിവസം ഹെൽമറ്റ് വയ്ക്കാതെ സഞ്ചരിച്ചതിന് കായകുളം നഗരസഭാ അധ്യക്ഷനെ പൊലീസ് പിടികൂടി ഫൈൻ അടപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലെ കാൻ്റീൻ അടപ്പിക്കാൻ നഗരസഭാ ഉദ്യോഗസ്ഥർ എത്തിയത്. 

കായകുളം:പൊലീസ് സ്റ്റേഷനിലെ കാൻ്റീൻ പൂട്ടിക്കാനെത്തിയ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസുകാരും തമ്മിൽ ഉന്തും തള്ളും. കായകുളം പൊലീസ് സ്റ്റേഷനിലെ കാൻ്റീനിലാണ് നാടകീയ സംഭവങ്ങൾ. നഗരസഭാ ചെയർമാൻ്റെ നിർദേശപ്രകാരമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്റ്റേഷനിലെ കാൻ്റീൻ പരിശോധിക്കാനെത്തിയത്. 

എന്നാൽ ഉദ്യോഗസ്ഥർ കാൻ്റീൻ പൂട്ടിക്കാനൊരുങ്ങിയതോടെ പ്രതിരോധവുമായി സ്റ്റേഷനിലെ പൊലീസുകാർ എത്തി. ഇതോടെ ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമായി. ഒടുവിൽ പൊലീസുദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്താൻ ശ്രമിച്ചതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കഴിഞ്ഞ ദിവസം ഹെൽമറ്റ് വയ്ക്കാതെ സഞ്ചരിച്ചതിന് നഗരസഭാ അധ്യക്ഷൻ എൻ.ശിവദാസനെ കായകുളം പൊലീസ് പിടികൂടുകയും അഞ്ഞൂറ് രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. അതേസമയം അനുവാദമില്ലാതെ കാൻറീൻ പ്രവർത്തിപ്പിക്കുന്നുവെന്ന് നഗരസഭയ്ക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് ചെയർമാൻ പറയുന്നത്. 

click me!