കോഴിക്കോട് സംഗീത പരിപാടിക്കിടെ സംഘർഷം: ഒരാൾ അറസ്റ്റിൽ,50 പേർക്കെതിരെ കേസ്, സംഘാടകർക്കെതിരേയും കേസ്

By Web TeamFirst Published Aug 22, 2022, 6:27 AM IST
Highlights

പരിപാടിയുടെ സംഘടകരായ കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയർ അധികൃതർക്കെതിരെയും പൊലീസ് കേസെടുത്തു. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്

കോഴിക്കോട് : കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത് . പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. പോലീസിനെ ആക്രമിച്ചതിനു കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്

പരിപാടിയുടെ സംഘടകരായ കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയർ അധികൃതർക്കെതിരെയും പൊലീസ് കേസെടുത്തു. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്

കിടപ്പ് രോഗികൾക്ക് വീൽ ചെയർ വാങ്ങി നൽകുന്നതിനായാണ്  കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയർ മൂന്ന് ദിവസത്തെ കാർണിവൽ സംഘടിപ്പിച്ചത്. ഇതിന്‍റെ സമാപന ദിവസമായ ഇന്നലെ സംഗീത പരിപാടിയും സംഘടിപ്പിച്ചു. ടിക്കറ്റ് വച്ചുള്ള പരിപാടിക്കായി വൈകിട്ടോടെ തന്നെ നൂറുകണക്കിനാളുകൾ ബീച്ചിലെത്തി. തിരക്ക് കൂടിയതോടെ സംഘടാകർ ടിക്കറ്റ് വിൽപന നിർത്തി വച്ചു. ഇതിൽ പ്രകോപിതരായ ഒരു സംഘം വാക്ക് തർക്കം ഉണ്ടാക്കുകയും അത് സംഘർഷത്തിൽ കലാശിക്കുകയും ആയിരുന്നു

സംഘർഷം രൂക്ഷമായതോടെ പൊലീസ് എത്തി സംഗീത പരിപാടി നിർത്തി വയ്പ്പിച്ചു. പിന്നീട് പലതവണ ലാത്തി വീശിയാണ് പ്രശ്നക്കാരെ അവിടെ നിന്ന് മാറ്റിയത്. ഇതിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി. കുപ്പിയിൽ മണൽ നിറച്ച് പൊലീസിന് നേരെ എറിഞ്ഞു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതൽ പേർ സ്ഥലത്തെത്തി . 

അതേസമയം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സംഗീത പരിപാടിക്ക് അനുമതി നൽകിയതെന്ന് കോർപറേഷൻ ഡൈപ്യൂട്ടി മേയർ പ്രതികരിച്ചു

click me!