
പത്തനംതിട്ട: മൃഗീയഭൂരിപക്ഷം കിട്ടിയിട്ടും പന്തളത്ത് ബിജെപിയിൽ മുൻസിപ്പാലിറ്റി അധ്യക്ഷൻ ആരാകണമെന്നതിൽ തമ്മിലടി. ബിജെപിക്ക് ആദ്യമായി അധികാരം കിട്ടിയ പന്തളം മുൻസിപ്പാലിറ്റിയിൽ ആര് നയിക്കണമെന്ന കാര്യത്തിൽ അവസാനനിമിഷം വരെ തർക്കം നിലനിന്നു. ഏറ്റവുമൊടുവിൽ, തർക്കം പരിഹരിക്കാനായി നേതാക്കളും കൗൺസിലർമാരും വിളിച്ച അടിയന്തയോഗത്തിൽ ബിജെപി അംഗം സുശീല സന്തോഷ് ചെയർപേഴ്സൺ ആകുമെന്ന് തീരുമാനമായി. യു രമ്യയാണ് വൈസ് ചെയർപേഴ്സൺ. ഇന്നാണ് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി അധ്യക്ഷരുടെ തെരഞ്ഞെടുപ്പ്.
അവസാനമണിക്കൂറിലും അധ്യക്ഷപദത്തിന് ഒന്നിലധികം പേർ അവകാശവാദമുന്നയിച്ച്, ഉറച്ച നിലപാടിൽ നിന്നതാണ് പാർട്ടിയിൽ പ്രതിസന്ധിയായത്. ഈ തദ്ദേശതെരഞ്ഞെടുപ്പിൽ മുൻസിപ്പാലിറ്റികളിൽ പന്തളത്തും പാലക്കാട്ടും മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.
എൽഡിഎഫിൽ നിന്നാണ് ബിജെപി പന്തളം നഗരസഭ പിടിച്ചെടുത്തത്. 33 ഡിവിഷനുകളിൽ 18 ഇടത്ത് വിജയിച്ചാണ് എൻഡിഎ ഭരണം നേടിയത്. 2015-ൽ ഏഴ് സീറ്റുകളിൽ മാത്രമായിരുന്നു എൻഡിഎയുടെ വിജയം. എന്നാൽ ഇത്തവണ പല വാർഡുകളും ബിജെപിയും എൻഡിഎയും പിടിച്ചെടുക്കുകയായിരുന്നു. ശബരിമല സമരം വലിയ കോളിളക്കമുണ്ടാക്കിയ പന്തളത്ത് ആ ട്രെൻഡ് നിലനിർത്താൻ ബിജെപിക്ക് കഴിഞ്ഞു.
2015-ൽ 14 സീറ്റുകൾ നേടി ഭരണം പിടിച്ച എൽഡിഎഫിന് ഇത്തവണ 9 സീറ്റുകൾ മാത്രമേ കിട്ടിയുള്ളൂ. യുഡിഎഫ് ജയിച്ചത് അഞ്ചിടത്ത്. ഒരിടത്ത് ജയിച്ചത് സ്വതന്ത്രനാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam