മതനേതാക്കളെ കണ്ട് മുഖ്യമന്ത്രി, എസ്ഡിപിഐക്കും വെൽഫെയർ പാർട്ടിക്കും ക്ഷണമില്ല

Published : Dec 28, 2020, 09:40 AM IST
മതനേതാക്കളെ കണ്ട് മുഖ്യമന്ത്രി, എസ്ഡിപിഐക്കും വെൽഫെയർ പാർട്ടിക്കും ക്ഷണമില്ല

Synopsis

ഇകെ സുന്നി വിഭാഗം നേതാവ് ഉമർ ഫൈസി മുക്കം ജമാ അത്തെ ഇസ്ലാമിയെ കോഴിക്കോട്ടെ യോഗങ്ങളിൽ നിന്ന് മാറ്റിനിർത്തിയതിൽ മാധ്യമങ്ങളോടും മുഖ്യമന്ത്രിയോട് നേരിട്ടും സന്തോഷമറിയിച്ചിരുന്നു. സമസ്തയിലെ മറ്റ് നേതാക്കൾ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നത് ശ്രദ്ധേയമാണ്.

മലപ്പുറം: എസ്ഡിപിഐയെയും വെൽഫെയർ പാർട്ടിയെയും മാറ്റിനിർത്തി, മുഖ്യമന്ത്രിയുടെ കേരളപര്യടനം മലപ്പുറത്ത് തുടരുകയാണ്. രാവിലെ മതനേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സമസ്ത നേതാക്കളൊഴികെ ക്ഷണിച്ചവരിൽ എല്ലാവരും നേരത്തേ തന്നെ എത്തിയിരുന്നു. സമസ്തയുടെ ജനറൽ സെക്രട്ടറിയും പ്രധാനനേതാക്കളിൽ ഒരാളുമായ കെ ആലിക്കുട്ടി മുസ്ല്യാരെ ക്ഷണിച്ചിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി അദ്ദേഹം വിട്ടുനിന്നു. പകരം ഒരു പ്രതിനിധിയെ അയക്കുകയും ചെയ്തു. 

ഏതാണ്ട് അരമണിക്കൂറോളം മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച നീണ്ടുനിന്നു. 11 മണിയോടെയാണ് കേരളപര്യടനത്തിന്‍റെ ഭാഗമായ വികസനചർച്ച നടക്കുന്നത്.

ഇകെ സുന്നി വിഭാഗം നേതാവ് ഉമർ ഫൈസി മുക്കം ജമാ അത്തെ ഇസ്ലാമിയെ കോഴിക്കോട്ടെ യോഗങ്ങളിൽ നിന്ന് മാറ്റിനിർത്തിയതിൽ മാധ്യമങ്ങളോടും മുഖ്യമന്ത്രിയോട് നേരിട്ടും സന്തോഷമറിയിച്ചിരുന്നു. മുസ്ലിം ലീഗിന്‍റെ വെൽഫയർ ബന്ധത്തെയും ഉമർഫൈസി വിമർശിച്ചു. സമസ്തയുടെ മുശാവറ (മുതിർന്ന പണ്ഡിതൻമാരുടെ ഉന്നതതലസമിതി) അംഗം കൂടിയായ ഉമർ ഫൈസിയുടെ പ്രസ്താവനയോട് അതേ സമിതിയിലെ ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുള്ള തല മുതിർന്ന മറ്റംഗങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നത് ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽക്കൂടിയാണ് സമസ്ത ജനറൽ സെക്രട്ടറി മുഖ്യമന്ത്രി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് വിളിച്ചതിൽ നിന്ന് അനാരോഗ്യം ചൂണ്ടിക്കാട്ടി മാറി നിൽക്കുന്നത്.

നിലവിലുള്ള വെൽഫയർ പാർട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മാതൃസംഘടനയായ ജമാഅത്തെ ഇസ്ലാമിയെ കോഴിക്കോട്ടെ യോഗത്തിൽ നിന്ന് മുഖ്യമന്ത്രി മാറ്റി നിർത്തിയത്. അതേനിലപാട് മലപ്പുറത്തും മുഖ്യമന്ത്രി തുടരുന്നു. അതേസമയം ലീഗുമായി അടുപ്പം പുലർത്തുന്ന ഇകെ - സുന്നി, മുജാഹിദ് വിഭാഗങ്ങളുടെ നേതാക്കളെ യോഗത്തിന് ക്ഷണിച്ചു.

കോഴിക്കോട്ട് മുഖ്യമന്ത്രിയുമായി നേരിട്ട് ഗസ്റ്റ് ഹൌസിലെത്തി ചർച്ച നടത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ യോഗത്തിൽ പങ്കെടുത്തില്ല. പകരം മകൻ അബ്ദൂൾ ഹക്കിം അസ്ഹരി യോഗത്തിനെത്തി. താമരശ്ശേരി, കോഴിക്കോട് രൂപതാ ബിഷപ്പുമാർ യോഗത്തിനെത്തിയില്ല. എന്നാൽ, സിഎസ്ഐ ബിഷപ്പ് റോയ്സ് വിക്ടർ മനോജ് യോഗത്തിനെത്തി. ഇന്നലെ, കൽപ്പറ്റയിൽ നടന്ന വയനാട് ജില്ലാ പര്യടനപരിപാടിയിൽ നിന്ന് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം വിട്ടു നിന്നു.  അതേ സമയം മുസ്ലിം സംഘടനാ നേതാക്കൾ പങ്കെടുത്തു. ആദിവാസി, കർഷക, സ്വതന്ത്ര സംഘടനാനേതാക്കൾക്ക് യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലഭിച്ച സ്വീകരണത്തില്‍ സന്തോഷം, സർക്കാരുമായി സഹകരിച്ച് പോകും'; കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു
പഞ്ചായത്തിൽ ചാണകവെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധീകരണം നടത്തിയ സംഭവം; ലീഗ് പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡൻ്റ്