പാർട്ടി പദവി പങ്കുവയ്ക്കുന്നതിനെ ചൊല്ലി കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിൽ രൂക്ഷമായ ഭിന്നത

By Asianet MalayalamFirst Published Jul 10, 2021, 8:25 AM IST
Highlights

പിസി തോമസ് കൂടി വന്നതോടെ കേരളാ കോണ്‍ഗ്രസ് എന്ന് പേര് മാറ്റിയ ജോസഫ് പക്ഷത്ത് പദവികളെച്ചൊല്ലിയാണ് തര്‍ക്കം

കോട്ടയം: പാര്‍ട്ടി പദവികള്‍ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷത്ത് തര്‍ക്കം രൂക്ഷം.ഫ്രാൻസിസ് ജോര്‍ജ്ജിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ചെയര്‍മാൻ പിജെ ജോസഫിനെ കണ്ട് ഇക്കാര്യത്തിലെ അതൃപ്തി അറിയിച്ചു.കേരളാ കോണ്‍ഗ്രസില്‍ മറ്റൊരു പിളര്‍പ്പിലേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.

ഫ്രാൻസിസ് ജോര്‍ജ്ജ് , മോൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പായി തിരിഞ്ഞ് പരസ്പരം തമ്മിലടിക്കുന്നത്. പിസി തോമസ് കൂടി വന്നതോടെ കേരളാ കോണ്‍ഗ്രസ് എന്ന് പേര് മാറ്റിയ ജോസഫ് പക്ഷത്ത് പദവികളെച്ചൊല്ലിയാണ് തര്‍ക്കം. പിജെ ജോസഫും പിസി തോമസും കഴിഞ്ഞാല്‍ മൂന്നാമനായി എക്സിക്യൂട്ടീവ് ചെയര്‍മാൻ എന്ന പദവിയില്‍ മോൻസ് ജോസഫാണ്. ജോയി എബ്രഹാമും ടിയു കുരുവിളയും കഴിഞ്ഞാണ് ഫ്രാൻസിസ് ജോര്‍ജ്ജും മറ്റുള്ളവരും. 

ജൂനിയറായിരുന്നിട്ടും മോൻസിന്‍റെയും ജോയി എബ്രഹാമിന്‍റെയും പാര്‍ട്ടിയിലെ ഉന്നത പദവികള്‍ക്കെതിരെ ഫ്രാൻസിസ് ജോര്‍ജ്ജും കൂട്ടരും കലാപക്കൊടി ഉയര്‍ത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പിജെ ജോസഫ് ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. 

കഴിഞ്ഞ ദിവസം രാത്രി പിജെ ജോസഫിന്‍റെ തൊടുപുഴയിലെ വീട്ടിലെത്തി ഫ്രാൻസിസ് ജോര്‍ജ്ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടൻ എന്നിവര്‍ വീണ്ടും പരാതി ബോധിപ്പിച്ചു. ഉടൻ തീരുമാനമെടുത്തില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പിജെ ജോസഫിനെപ്പൊലും മറി കടന്ന് പാര്‍ട്ടിയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മോൻസ് ജോസഫിന്‍റെ നേതൃത്വത്തിലെ മൂന്നംഗം സംഘമാണെന്നാണ് മറുപക്ഷത്തിന്‍റെ ആക്ഷേപം.

പക്ഷേ ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് മോൻസ് ജോസഫിന്‍റെ മറുപടി. തെരഞ്ഞെടുപ്പിന് മുൻപ് മറ്റ് കേരളാ കോണ്‍ഗ്രസുകളില്‍ നിന്ന് നിരവധി നേതാക്കളാണ് പിജെ  ജോസഫ് പക്ഷത്ത് എത്തിയത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി കനത്ത നേരിട്ടതോടെ നേതാക്കളില്‍ പലര്‍ക്കും വാഗ്ദാനം ചെയ്തിരുന്ന സ്ഥാനമാനങ്ങള്‍ ലഭിക്കാതെപോയി. അതോടെയാണ് പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ക്കായുള്ള ഈ അടിപിടി തുടങ്ങിയത്. 

click me!