യൂത്ത് ലീഗിൽ പൊട്ടിത്തെറി: കത്വ, ഉന്നാവോ ഇരകളുടെ കുടുംബത്തിനായി സമാഹരിച്ച ഒരു കോടി ദുരുപയോഗം ചെയ്തെന്ന് പരാതി

Published : Feb 02, 2021, 02:49 PM ISTUpdated : Feb 03, 2021, 05:52 PM IST
യൂത്ത് ലീഗിൽ പൊട്ടിത്തെറി: കത്വ, ഉന്നാവോ ഇരകളുടെ കുടുംബത്തിനായി സമാഹരിച്ച ഒരു കോടി ദുരുപയോഗം ചെയ്തെന്ന് പരാതി

Synopsis

 കത്വ, ഉന്നാവോ പീഢനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ യൂത്ത് ലീഗ് നേതാക്കൾ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്ന് ദേശീയസമിതി അംഗം യൂസഫ് പടനിലം. ആരോപണം ശരിവച്ച് ഹൈദരലി തങ്ങളുടെ മകനും ദേശീയ ഉപാധ്യക്ഷനുമായി മുഈൻ അലി

മലപ്പുറം: യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലം. കത്വ, ഉന്നാവോ പീഢനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ യൂത്ത് ലീഗ് നേതാക്കൾ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്ന് യൂസഫ് പടനിലം ആരോപിച്ചു. 

ഈ ഫണ്ടിൽ നിന്ന് കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും യൂസഫ് പടനിലം പറയുന്നു. യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് നയിച്ച 2019-ലെ യുവജന യാത്രയുമായി ബന്ധപ്പെട്ട കടം തീർക്കാൻ എന്ന പേരിൽ ഉന്നാവോ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ നേതൃത്വം വകമാറ്റി ചെലവഴിച്ചുവെന്ന് യൂസഫ് പടനിലം ആരോപിക്കുന്നു.

യൂത്ത് ലീഗിലെ അഴിമതി ചോദ്യം ചെയ്ത മുഈനലി തങ്ങളെ (ഹൈദരലി തങ്ങളുടെ മകൻ) അവഹേളിക്കാൻ പാർട്ടിക്കുള്ളിൽ ശ്രമമുണ്ടെന്നും ആരോപണ വിധേയരായ സി.കെ.സുബൈർ, പി.കെ.ഫിറോസ് എന്നീ മുസ്ലീം ലീഗ് സംരക്ഷിക്കുകയാണെന്നും  യൂസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യൂത്ത് ലീഗിലെ സാമ്പത്തിക ക്രമക്കേടുകൾ സംസ്ഥാന തലത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂസഫ് ഇതിനായി വിജിലൻസിനെ സമീപിക്കുമെന്നും വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ വിമതനായി മത്സരിച്ച യൂസഫ് പടനിലത്തെ അച്ചടക്ക നടപടികളുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് നേരത്തെ സസ്‌പെന്‍ഡ് ചെയ്തതാണ്. 

യൂത്ത് ലീഗിലെ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് യൂസഫ് പടനിലം ഉന്നയിച്ച ആരോപണങ്ങൾ ഭാഗീകമായി ശരിവച്ച് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈനലി തങ്ങൾ രംഗത്തു വന്നിട്ടുണ്ട്. പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ പിരിച്ച പണം സംബന്ധിച്ച കണക്ക് രണ്ട് വ‍ർഷം കഴിഞ്ഞും നേതാക്കൾ പുറത്തു വിട്ടിട്ടില്ലെന്നും ഈ പണം കുടുംബങ്ങൾക്ക് കൊടുത്തോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും മുഈനലി തങ്ങൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് തവണ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പരാതി നൽകിയിട്ടും നടപടിയായില്ലെന്നും മുഈനലി കൂട്ടിച്ചേ‍ർത്തു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി