
തിരുവനന്തപുരം : 2024ൽ തൃശൂർ പൂരം ചടങ്ങുകൾ തടസപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. മുൻ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ചയില്ലെന്നാണ് എസ് ഐടി റിപ്പോർട്ട്. ഹൈക്കോടതി നിർദ്ദേശങ്ങൾ നടപ്പാക്കാനാണ് കമ്മീഷണർ ശ്രമിച്ചതെന്നും, പൊലീസോ മറ്റേതെങ്കിലും ബാഹ്യശക്തികളോ അട്ടിമറി നടത്തിയില്ലെന്നുമാണ് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടത്. എഡിജിപി എംആർ അജിത് കുമാറിൻ്റെ മൊഴി രേഖപ്പെടുത്തി. എഡിജിപിക്കുണ്ടായത് കൃത്യനിവഹണ വീഴ്ച മാത്രമാണ്. ഇക്കാര്യത്തിൽ ഡിജിപി തല അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് റിപ്പോട്ടിലുണ്ട്.
2024-ലെ തൃശൂർ പൂരം ചടങ്ങുകൾക്കിടയിൽ ഉണ്ടായ തടസ്സങ്ങളും അസ്വാരസ്യങ്ങളും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് ഇടതുസർക്കാർ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ 8 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. കോൺഗ്രസ്, സിപിഎം, ബിജെപി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരായ കലാപാഹ്വാനം, ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്. കേസിൽ പുതിയ സർക്കാരിന്റെ തുടർനീക്കം നിർണായകമാണ്. തുടരന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam