തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപ്പുലർ ഫ്രണ്ട് മാർച്ചിൽ വൻ സംഘർഷം. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ദേവസ്വം ബോർഡ് ജംഗ്ഷനിൽ സംഘർഷഭരിതമായ സ്ഥിതിയായി. ഇവിടെ പൂർണമായും ഗതാഗതം സ്തംഭിച്ചു. ഇവിടെ രണ്ട് മണിക്കൂറോളമാണ് സംഘർഷാവസ്ഥ നിലനിന്നത്. കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ചതിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെയാണ് പ്രവർത്തകരുടെ പ്രതിഷേധം.
പന്ത്രണ്ടരയോടെ പിരിഞ്ഞ് പോകാൻ തയ്യാറാകാതെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ദേവസ്വം ബോർഡ് ജംഗ്ഷനിൽ കുത്തിയിരുന്നു. ഒടുവിൽ രണ്ട് മണിയോടെയാണ് പ്രവർത്തകർ പിരിഞ്ഞ് പോയത്. ഗ്രനേഡ് ഏറിലും ജലപീരങ്കി പ്രയോഗത്തിലും ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി പേർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.
രാവിലെ 11 മണിയോടെ കിഴക്കേകോട്ടയിൽ നിന്ന് തുടങ്ങിയ മാർച്ചാണ് ദേവസ്വം ബോർഡ് ജംഗ്ഷനിൽ വച്ച് പൊലീസ് തടഞ്ഞത്. പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോകാൻ ശ്രമിച്ചതോടെ സംഘർഷമായി.
പോപ്പുലർ ഫ്രണ്ട് സംസ്ഥാനനേതാക്കളടക്കം പങ്കെടുത്ത മാർച്ചാണ് സംഘർഷത്തിലെത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുകയാണ് പൊലീസ് എന്നാരോപിച്ചാണ് സംഘടന മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. നൂറ് കണക്കിന് പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത്, പൊലീസ് ദേവസ്വം ബോർഡ് ജംഗ്ഷനിൽ വച്ചേ മാർച്ച് തടയുകയായിരുന്നു. എന്നാൽ പ്രവർത്തകർ ബാരിക്കേഡ് ചാടിമറിഞ്ഞ് കടക്കാൻ ശ്രമിച്ചതോടെയാണ് സ്ഥിതി സംഘർഷത്തിലേക്ക് വഴിമാറിയത്.
പൊലീസാദ്യം ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് കണ്ണീർ വാതകം പ്രയോഗിച്ചു. എന്നിട്ടും സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിക്ക് അടുത്ത് ദേവസ്വം ബോർഡ് ജംഗ്ഷനിൽ ഇപ്പോഴും പ്രവർത്തകർ പിരിഞ്ഞ് പോകാൻ തയ്യാറാകാതെ പല സംഘങ്ങളായി കുത്തിയിരുന്നു. സംസ്ഥാനനേതാക്കൾ ഇവരെ അഭിസംബോധന ചെയ്യുകയും ചെയ്തു. തീർത്തും സംഘർഷാത്മകമായ സ്ഥിതിയാണ് തലസ്ഥാനനഗരത്തിൽ നിലനിന്നത്. സംഘർഷം ഇനിയും ഉടലെടുക്കാൻ സാധ്യത കണക്കിലെടുത്ത്, കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുമുണ്ട്.
പാലാ ബിഷപ്പ്, പിസി ജോർജ് എന്നിവർ ഏത് ജയിലിലാണ്? എന്നാണ് പിഎഫ്ഐ സംസ്ഥാനനേതാക്കൾ ഇവിടെ നടത്തിയ പ്രസംഗത്തിൽ ചോദിച്ചത്. ''കെപി ശശികലക്കെതിരെ നടപടിയില്ല. നടപടി നമുക്കെതിരെ മാത്രം. പച്ച വർഗീയത പറയുന്നവർക്കെതിരെ നടപടിയില്ല. പിസി ജോർജിൻറെ വർഗീയ പ്രസംഗത്തിൽ പിണറായി എന്ത് ചെയ്തു?'', എന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാനസെക്രട്ടറി.
ദൃശ്യങ്ങൾ കാണാം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam