
കൊല്ലം: അബിഗേൽ സാറയെന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെകുറിച്ച് സൂചന. കല്ലമ്പലം ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയെന്നാണ് പൊലീസിന് സംശയം. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഞെക്കാട്ടെ വാടകവീട്ടിൽ പൊലീസ് പരിശോധന നടന്നുവരികയാണ്. സ്ത്രീയുടെ ഫോട്ടോ കുട്ടിയെ കാണിച്ച് വ്യക്തത വരുത്താനാണ് പൊലീസിന്റെ തീരുമാനം. ഞെക്കാട്ടെ വീട്ടിൽ പൊലീസ് പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
കല്ലമ്പലം ഞെക്കാട്ടെ വീട്ടിലാണ് പരിശോധന. ഈ വീട്ടിൽ താമസിച്ചുവരുന്ന സ്ത്രീയെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. ചിട്ടിയുൾപ്പെടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നയാളാണ് സ്ത്രീ. ഇതും പൊലീസിൻ്റെ അന്വേഷണ പരിധിയിലുണ്ട്. എന്നാൽ ഈ വീട്ടിൽ കഴിഞ്ഞ നാല് ദിവസമായി ആളില്ലെന്നാണ് വീട്ടുടമ പറയുന്നത്. നാല് ദിവസമായി അവരെ കാണാനില്ല. ഇവർക്ക് ലോട്ടറി കച്ചവടവുമുണ്ടെന്ന് വീട്ടുടമയുടെ മൊഴിയിലുണ്ട്. സ്ത്രീയുടെ ഫോട്ടോ കുട്ടിയെ കാണിക്കാനായി കൊല്ലത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. കുട്ടിയെ കാണിച്ച് സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം. കൂടാതെ സ്ത്രീക്കൊപ്പമുള്ള മറ്റു മൂന്നുപേരെ കണ്ടെത്താനുമുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.
കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്. ഇവിടെയെത്തിയ വിദ്യാർത്ഥികളാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസുകാരെ അറിയിച്ചു. പൊലീസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
മകളെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും കുടുംബം നന്ദി പറഞ്ഞു. 'എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ' എന്നായിരുന്നു അബിഗേലിന്റെ സഹോദരൻ ജോനാഥൻ മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമങ്ങൾക്കും രാഷ്ട്രീയപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മതാധികാരികൾക്കും കേരളത്തിലുള്ള എല്ലാ ജനങ്ങൾക്കും കണ്ണീരോടെയാണ് അമ്മ സിജി നന്ദി പറഞ്ഞത്. 'കേരളത്തിലുള്ളവരുടെയും കേരളത്തിന് പുറത്തുള്ളവരുടെയും പ്രാര്‍ത്ഥന ദൈവം കേട്ടു. എന്‍റെ കുഞ്ഞിനെ ഒരു കുഴപ്പവുമില്ലാതെ തിരിച്ചു തന്നു. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു. ' സിജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അതേസമയം, കുട്ടിയെ ഇന്ന് വീട്ടിലേക്കയക്കില്ല. ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയും കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിട്ടുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam