വയനാട് ദുരന്തബാധിതർക്ക് കൃഷിഭൂമി നൽകാനാവില്ലെന്ന് മുഖ്യമന്ത്രി; വീട് നിർമ്മാണത്തിന് 30 ലക്ഷം അധികമെന്ന് സതീശൻ

Published : Jan 23, 2025, 09:36 AM IST
വയനാട് ദുരന്തബാധിതർക്ക് കൃഷിഭൂമി നൽകാനാവില്ലെന്ന് മുഖ്യമന്ത്രി; വീട് നിർമ്മാണത്തിന് 30 ലക്ഷം അധികമെന്ന് സതീശൻ

Synopsis

വയനാട് ദുരന്ത പുനരധിവാസ പദ്ധതി സഭയിൽ വിശദീകരിച്ച് മുഖ്യമന്ത്രി. സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 712 കോടി രൂപ ഇതുവരെ ദുരിതാശ്വാസ നിധിയിൽ ലഭിച്ചെന്നു മുഖ്യമന്ത്രി. ദുരന്തത്തെ കേന്ദ്ര സർക്കാർ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാൽ കൂടുതൽ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. 2221 കോടി രൂപ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാറിൽ നിന്ന് ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലെന്നും ദുരന്തബാധിതർക്ക് കൃഷി ഭൂമി നൽകാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വയനാട്ടിൽ ടൗൺഷിപ്പ് നൽകാൻ ഭൂമി വിലയ്ക്ക് വാങ്ങുമെന്നും ഭാവിയിൽ ഒരു നിലകൂടി നിർമിക്കാൻ കഴിയുന്ന രീതിയിലാണ് ഇവിടെ വീടുകൾ നിർമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ നൽകും. പുനരാധിവാസം പൂർത്തിയാക്കും വരെ വീടുകളുടെ വാടക സർക്കാർ നൽകും. അതിനുള്ള പണം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സഹായം വൈകിയെന്നത് വസ്തുതയാണെന്നും എന്നാൽ സഹായം ലഭിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ പുനരധിവസം അനിശ്ചിതത്വത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ദുരന്തം കഴിഞ്ഞ് ആറ് മാസമായിട്ടും പരുക്കേറ്റവർക്ക് ചികിത്സാ സഹായം നൽകിയില്ല. സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്താണ് ഗുരുതരമായി പരുക്കേറ്റവരടക്കം ചികിത്സ നടത്തുന്നത്. വീട് നിർമാണത്തിന് കണക്കാക്കിയ 30 ലക്ഷം രൂപ ഉയർന്ന നിരക്കാണെന്നും പല സ്പോൺസർമാറും പിൻവാങ്ങുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വീട് നിർമാണത്തിന് 30  ലക്ഷം രൂപയെന്നത് പ്രാഥമിക കണക്കാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വീടുകൾ ഒരുമിച്ചു നിർമിക്കുമ്പോൾ ചെലവ് കുറയും. അങ്ങനെ വരുമ്പോൾ ചെലവ് 20 ലക്ഷത്തിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദുരന്തത്തിൽ സഹായം ചോദിച്ച് രാജ്യത്തെ എല്ലാ എംപിമാർക്കും കത്തയച്ചെന്നും ഒരു കോടി രൂപ വീതമാണ് എല്ലാവരോടും ചോദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും