
തിരുവനന്തപുരം: എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി വിവാദം കത്തുന്നതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ബി രാജേഷ്. എം എൻ സ്മാരകത്തിലെത്തിയാണ് എം ബി രാജേഷ് ബിനോയ് വിശ്വത്തെ കണ്ടത്. പദ്ധതിയെ കുറിച്ച് ബിനോയ് വിശ്വത്തോട് വിശദീകരിച്ചു. പദ്ധതി കൊണ്ട് ജലദൗർലഭ്യം ഉണ്ടാകില്ലെന്ന് രാജേഷ് അറിയിച്ചു. രണ്ട് ദിവസം മുൻപായിരുന്നു കൂടിക്കാഴ്ച.
എലപ്പുള്ളി മദ്യനിർമ്മാണ കമ്പനി പ്രദേശത്ത് ജലക്ഷാമം ഉണ്ടാക്കില്ലെന്ന വാദമാണ് ഒയാസിസ് കമ്പനിക്കുള്ളത്. വെള്ളത്തിന്‍റെ കാര്യത്തിൽ ജനത്തിന് ആശങ്ക വേണ്ട. കമ്പനി മഴ വെള്ള സംഭരണിയിൽ നിന്ന് വെള്ളം എടുക്കും. കമ്പനിയുടെ പ്രവർത്തനത്തിന് അഞ്ച് ഏക്കർ സ്ഥലത്ത് മഴവെള്ളസംഭരണി സ്ഥാപിക്കും എന്നും ഒയാസിസ് പറയുന്നു. ഒപ്പം പ്രദേശത്തെ 200 പേർക്ക് തൊഴിൽ ലഭിക്കുമെന്നും ഒയാസിസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
എലപ്പുള്ളിയിലെ പ്രാദേശിക സിപിഎം നേതൃത്വത്തിന് പോലും ഇക്കാര്യത്തിൽ വലിയ ആശങ്കയുണ്ട്. ജില്ലാ സമ്മേളനത്തിലും പ്രതിനിധികൾ ഈ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. കമ്പനി വരുന്നതിൽ എതിർപ്പില്ലെങ്കിലും ജല ചൂഷണം പാടില്ലെന്നാണ് പ്രാദേശിക നേതാക്കളുടെ നിലപാട്.
ആയിരം സ്ക്വയർ ഫീറ്റ് സ്ഥലത്ത് ഒരു ഇഞ്ച് വെള്ളം ശേഖരിച്ചാൽ 2400 ലിറ്റർ വെള്ളം സംഭരിക്കാനാവും. അപ്പോൾ അഞ്ച് ഏക്കർ സ്ഥലത്ത് വെള്ളം ശേഖരിച്ചാൽ കമ്പനിക്ക് ജലത്തിനായി മറ്റ് സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരില്ലെന്ന് കമ്പനി വാദിക്കുന്നു. കമ്പനിക്ക് വെള്ളത്തിനായി മറ്റ് സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരില്ലെന്നാണ് സിപിഎം നേതൃത്വവും വാദിക്കുന്നത്.
എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി പാർട്ടി നിലപാട് വ്യക്തമാക്കിയത്. നാട്ടിൽ വികസനം കൊണ്ടുവരുന്ന പദ്ധതിയാണിത്, ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകാനാണ് സ൪ക്കാ൪ തീരുമാനമെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.