
തിരുവനന്തപുരം: ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി. എല്‍ഡിഎഫ് മുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി ശുഭപ്രതീക്ഷ പങ്കുവെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത് സവിശേഷ സാഹചര്യമാണെന്നും മുന്നണി ഐക്യം ഉറപ്പാക്കി പ്രചാരണത്തിനിറങ്ങണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരിച്ചടിക്ക് കാരണം അമിത ആത്മവിശ്വാസമാണെന്നാണ് എൽഡിഎഫ് വിലയിരുത്തല്‍. പതിവിന് വിപരീതമായി വിമതരുടെ സാന്നിധ്യം പലയിടത്തും ഉണ്ടായെന്നും മുന്നണി ഐക്യം ലംഘിക്കപ്പെട്ടു. ശബരിമല സ്വർണ്ണക്കൊള്ളയിൽ യുഡിഎഫും ബിജെപിയും തെറ്റിദ്ധാരണയുണ്ടാക്കി. അത് പ്രതിരോധിക്കാൻ കഴിഞ്ഞില്ല തുടങ്ങിയ വിലയിരുത്തലാണ് യോഗം നടത്തിയത്.
കൂടാതെ മിഷൻ 110 മുഖ്യമന്ത്രി മുന്നണി യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു. മുന്നണി യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 110 സീറ്റുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ എൽഡിഎഫ് ജാഥ ഫെബ്രുവരി ഒന്നു മുതൽ 15 വരെ നടക്കും. മൂന്ന് മേഖലാജാഥകളാണ് ഉണ്ടാവുക. എംവി ഗോവിന്ദനും ബിനോയ് വിശ്വവും ജോസ് കെ മാണിയും ആയിരിക്കും ജാഥാ ക്യാപ്റ്റൻമാർ. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിയിലുണ്ടായ സമഗ്ര അവലോകനത്തിൽ കടുപ്പിക്കാത്ത നിലപാടാണ് സിപിഐ സ്വീകരിച്ചത്. ഭരണവിരുദ്ധ വികാരവും ശബരിമലയും തിരിച്ചടിയായെന്നായിരുന്നു സിപിഐ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് നടന്ന മുന്നണിയോഗത്തിൽ നിലപാട് മയപ്പെടുത്തിയായിരുന്നു സിപിഐ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam