'നിങ്ങൾക്ക് സാഡിസ്റ്റ് മനോഭാവം', പ്രതിപക്ഷത്തോട് മുഖ്യമന്ത്രി; 'ലൈഫി'ലും സഭയിൽ തമ്മിലടി

By Web TeamFirst Published Mar 3, 2020, 6:27 PM IST
Highlights

കേന്ദ്രഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചാണ് വീടുകൾ നിർമ്മിച്ചതെന്ന ആക്ഷേപം ആവർത്തിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമർശനം. വീട് കിട്ടിയവരുടെ വിവരങ്ങൾ സർക്കാർ വെബ്‍സൈറ്റിലുണ്ടെന്നും പോയി പരിശോധിക്കൂ എന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. 

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയെച്ചൊല്ലി നിയമസഭയിലും സർക്കാരും പ്രതിപക്ഷവും തമ്മിൽ പോര്. എൽഡിഎഫ് സർക്കാർ രണ്ട് ലക്ഷം വീട് നിർമ്മിച്ചു നൽകിയെന്നത് വ്യാജ പ്രചാരണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന് സാഡിസ്റ്റ് മനോഭാവമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

യുഡിഎഫ് കാലത്ത് 4,37,282 വീടുകൾ നിർമ്മിച്ചിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കിയ കണക്ക് ഉദ്ധരിച്ചാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ലൈഫ് പദ്ധതിക്കെതിരെ നിയമസഭയിൽ രംഗത്തെത്തിയത്. കേന്ദ്രഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചാണ് വീടുകൾ നിർമ്മിച്ചതെന്ന ആക്ഷേപം ആവർത്തിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമർശനം. 

''ഈ സംസ്ഥാനസർക്കാരിന് മേനി നടിക്കാൻ ഒന്നുമില്ലെന്നാ ഞാൻ പറഞ്ഞു വരുന്നത്. എന്തിനാ ശ്രീ ചന്ദ്രശേഖരൻ ഹൗസിംഗിന്‍റെ മന്ത്രിയായി അവിടെ ഇരിക്കുന്നത്. അങ്ങയെ ആ ലൈഫ് മിഷന്‍റെ യോഗത്തിന് പോലും അവരാരും വിളിച്ചില്ലല്ലോ? ശ്രീ ഹൗസിംഗ് മന്ത്രീ'', എന്ന് ചെന്നിത്തല പരിഹസിച്ചു.

എന്നാൽ വീട് ലഭിച്ചവരുടെ വിവരങ്ങൾ ലൈഫ് മിഷന്‍റെ വെബ്‍സൈറ്റിലുണ്ടെന്നായിരുന്നു സർക്കാർ മറുപടി. രണ്ട് ലക്ഷത്തി പതിനയ്യായിരത്തി എഴുന്നൂറ് പേർക്ക് ഇത് വരെ വീട് കിട്ടിയെന്നും സർക്കാർ വിശദീകരിച്ചു.

''ഇത്രയും കുടുംബങ്ങൾക്ക് സ്വന്തം വീട്ടിൽ കിടന്നുറങ്ങാമെന്ന് വരുമ്പോൾ അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്? ഒരു തരം സാഡിസ്റ്റ് മനോഭാവം പാടുണ്ടോ ഇത്തരം കാര്യങ്ങളിൽ?'', എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കുട്ടനാട് ഉപ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലൈഫ് പദ്ധതി പ്രധാന നേട്ടമായി ഉയർത്തിക്കാട്ടി മുന്നോട്ട് പോകാൻ തന്നെയാണ് ഇടതുമുന്നണിയുടെ നീക്കം. അത് മുന്നിൽ കണ്ടാണ് പദ്ധതി പരിശോധിക്കാൻ ഇന്നലെ തന്നെ സബ് കമ്മിറ്റിയെ വച്ച് രാഷ്ട്രീയമായി നേരിടാൻ യുഡിഎഫ് തീരുമാനിക്കുന്നതും.

click me!