
തിരുവനന്തപുരം: പാര്‍ലമെന്‍റ് ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചു. ജനുവരി 25 ശനിയാഴ്ച തിരുവനന്തപുരം തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിലാണ് യോഗം. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.
ജനുവരി 31 മുതൽ ഏപ്രിൽ മൂന്ന് വരെ രണ്ട് ഘട്ടങ്ങളിലായാണ് ബജറ്റ് സമ്മേളനം ചേരുന്നത്. സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയും രണ്ടാമത്തേത് മാർച്ച് രണ്ട് മുതൽ ഏപ്രിൽ മൂന്ന് വരെയുമാണ്. വിവിധ മന്ത്രാലയങ്ങൾക്ക് നൽകിയ ബജറ്റ് വിഹിതം പരിശോധിക്കാൻ പാർലമെന്ററി കമ്മിറ്റികളെ അനുവദിക്കുന്നതിനുളള ബജറ്റ് സെഷന്റെ രണ്ട് ഘട്ടങ്ങൾക്കിടയിൽ സാധാരണയായി ഒരു മാസത്തെ ഇടവേള പതിവുളളതാണ്.
ഈ വർഷത്തെ ബജറ്റിൽ, ധനകാര്യ മന്ത്രാലയം ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള നിരവധി നടപടികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഇളവില്ലാതെ ഏകീകൃത നികുതി നിരക്ക്, ഉയർന്ന വരുമാനമുള്ളവർക്കുള്ള പുതിയ സ്ലാബുകൾ, വ്യക്തിഗത ആദായനികുതി വെട്ടിച്ചുരുക്കൽ എന്നിവയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിക്കാൻ സാധ്യതയുള്ള ചില നടപടികൾ.
സർക്കാർ നിരവധി നിർദ്ദേശങ്ങൾ പരിശോധിച്ചുവരുകയാണെന്നും വ്യക്തിഗത ആദായനികുതി ഇളവ് കേന്ദ്ര ബജറ്റ് 2020 ലെ നടപടികളിലൊന്നാണെന്നും ധനമന്ത്രി പറഞ്ഞിരുന്നു. ഇപ്പോള്‍ നടന്നുവരുന്ന ബജറ്റിന് മുമ്പുള്ള മീറ്റിംഗുകൾ അവസാനിച്ചുകഴിഞ്ഞാൽ, നടപടികളെക്കുറിച്ച് അന്തിമ തീരുമാനം ധനമന്ത്രി സ്വീകരിക്കും. അതിനുശേഷം നിർദ്ദേശങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam