'ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യം'; ഗവര്‍ണര്‍ക്കെതിരെ ഉമ്മന്‍ചാണ്ടി

By Web TeamFirst Published Jan 21, 2020, 5:26 PM IST
Highlights

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ നിയന്ത്രിക്കുവാനോ മൂക്കുകയറിടുവാനുമുള്ള ഒരു നീക്കവും അംഗീകരിക്കുവാൻ സാധിക്കില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാൻ തീരുമാനിച്ചത് നിയമപരമായി തന്നെ പ്രശ്നപരിഹാരത്തിനായുള്ള ശ്രമത്തിന്റെ ഭാഗമാണ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിയിൽ ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭരണഘടനപരമായി ഗവർണർ പദവിക്കുള്ള പരിമിതികൾ മനസിലാക്കി പ്രവർത്തിക്കുവാൻ കേരള ഗവർണർ തയാറാകണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ നിയന്ത്രിക്കുവാനോ മൂക്കുകയറിടുവാനുമുള്ള ഒരു നീക്കവും അംഗീകരിക്കുവാൻ സാധിക്കില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാൻ തീരുമാനിച്ചത് നിയമപരമായി തന്നെ പ്രശ്നപരിഹാരത്തിനായുള്ള ശ്രമത്തിന്റെ ഭാഗമാണ്. നിയമസഭാ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനും കേരളത്തിന്റെ പൊതുവികാരത്തിനും അനുയോജ്യമായ തുടർ നടപടിയാണത്.

ചട്ടങ്ങൾ പ്രകാരം തീരുമാനം ഗവർണറെ അറിയിച്ചോ ഇല്ലയോയെന്നത് സർക്കാർ വിശദീകരിക്കേണ്ട സാങ്കേതിക പ്രശ്നം മാത്രമാണ്. അതിന്റെ പേരിൽ ഗവർണർ നടത്തുന്ന വിവാദ പരാമർശങ്ങൾ സംസ്ഥാനത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. ഇന്ത്യൻ ജനാധിപത്യ ഭരണക്രമത്തിൽ ഗവർണർമാർ സ്വീകരിക്കേണ്ട മര്യാദകളും മിതത്വവും ഉണ്ട്. അത് മറികടന്നാണ് ഗവർണറുടെ പ്രതികരണങ്ങൾ. അതുകൊണ്ട് പരസ്യമായ വിവാദങ്ങൾ ഒഴിവാക്കി നാടിന്റെ പ്രവർത്തനങ്ങൾക്കായി ഗവർണർ സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകാൻ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നേരത്തെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിൽ നിലനിൽക്കുന്ന തര്‍ക്കത്തിൽ നിലപാട് വ്യക്തമാക്കി മുൻ ഗവര്‍ണര്‍ പി സദാശിവം രംഗത്ത് വന്നിരുന്നു. കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിപ്പിക്കുമ്പോൾ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ട കാര്യമില്ല. പക്ഷെ മര്യാദയുടെ ഭാഗമായി വിവരങ്ങൾ പരസ്പരം അറിയിക്കുകയും ചര്‍ച്ച ചെയ്യാറും ഉണ്ടെന്ന് പി സദാശിവം വിശദീകരിച്ചു.

സംസ്ഥാനത്തിന്‍റെ അധിപനാണ് ഗവര്‍ണര്‍ .ആ നിലയിൽ എല്ലാ കാര്യങ്ങളും ഗവര്‍ണറെ അറിയിക്കാറുണ്ട്. നിയമമന്ത്രിയോ ചീഫ് സെക്രട്ടറിയോ ആണ് വിവരങ്ങൾ അറിയിക്കാറുള്ളത്. കേരള ഗവര്‍ണറായിരുന്ന കാലത്ത് അങ്ങനെയായിരുന്നു കാര്യങ്ങൾ പോയിരുന്നതെന്നും പി സദാശിവം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കോടതിയെ സമീപിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വിശദീകരണം നൽകണമെന്ന് സര്‍ക്കാരിനോട് ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി വിശദീകരിക്കുകയും ചെയ്തിരുന്നു.

click me!