
തൃശ്ശൂർ: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവായ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് രമേശ് ചെന്നിത്തല. കള്ളക്കേസിൽ കുടുക്കാനാണ് ശ്രമം. എംഎൽഎമാരുടെ പേരിൽ കേസെടുത്ത് നിശബ്‌ദമാക്കാമെന്ന് കരുതേണ്ട. സർക്കാരിനെതിരെ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സംസ്ഥാനത്ത് മികച്ച വിജയം നേടും. യുഡിഎഫിന് അനുകൂലമായ കാലാവസ്ഥ രൂപപ്പെട്ടിരിക്കുന്നു. സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ജനവികാരം ഉണ്ടാകും. സിപിഎമ്മും സംസ്ഥാന സർക്കാരും ചരിത്രത്തിലെ ഏറ്റവും വലിയ അപചയം നേരിടുന്നു. ഒന്നും മറയ്ക്കാനില്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്? തുടക്കം മുതലേ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. സ്വർണക്കടത്ത് അന്വേഷണം തന്നിലേക്ക് വരുന്നുവെന്ന് മുഖ്യമന്ത്രിക്ക് ഭയമാണ്. അതുകൊണ്ടാണ് അന്വേഷണ ഏജൻസികൾക്കെതിരെ സമരം പ്രഖ്യാപിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
ഏത് അന്വേഷണത്തേയും നേരിടാൻ തയ്യാറാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ സിപിഎമ്മിനോ സർക്കാരിനോ കഴിയില്ല. സർക്കാരിന് എതിരായ പോരാട്ടത്തിൽ മുന്നോട്ട് പോകും. ചെമ്പൂച്ചിറ സംഭവത്തിൽ വകുപ്പുതല അന്വേഷണം മാത്രം പോര. വിജിലൻസ് അന്വേഷണം വേണം. കെ.എസ്.എഫ്.ഇ വിജിലൻസ് അന്വേഷണവുമാായി ബന്ധപ്പെട്ട്, അഴിമതി കണ്ടെത്തിയതിന് മന്ത്രി തോമസ് ഐസക് എന്തിനാണ് രോഷം കൊളളുന്നത്? ഒരന്വേഷണവും വേണ്ടെന്നാണ് തോമസ് ഐസക്കിന്റെ നിലപാട്. അഴിമതിക്കാരെ മൊത്തമായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഐസക്ക് ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബാർ കോഴ കേസിനെ നിയമപരമായി നേരിടും. സോളാർ കേസിൽ സത്യം പുറത്തു വരട്ടെ. ആളുകളെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പ്രതിപക്ഷ നേതാവിനെതിരായ കേസ്. ഇതിനെ നിയമപരമായി നേരിടും. അപകീർത്തിപ്പെടുത്തിയതിന് കേസ് കൊടുക്കും. തൃശൂർ കോൺഗ്രസിൽ എംപി വിൻസന്റ് ഡിസിസി പ്രസിഡന്റായ ശേഷം മികച്ച പ്രവർത്തനമാണ് നടക്കുന്നത്. സ്ഥാനാർത്ഥി നിർണയ തർക്കത്തിൽ കെ പി വിശ്വനാഥന്റെ ആരോപണം സംബന്ധിച്ച് അദ്ദേഹവുമായി സംസാരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam