തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ അതി നിശിതമായി വിമര്‍ശിച്ച് മുൻ മന്ത്രി കെടി ജലീൽ. നട്ടാൽ കുരുക്കാത്ത നുണയാണ് സ്വപ്നയും പിസി ജോര്‍ജ്ജും ഇപ്പോൾ പറഞ്ഞു നടക്കുന്നതെന്ന് കെടി ജലീൽ തുറന്നടിച്ചു. യുഎഇ കൗൺസിൽ ജനറലിന്റെ ശാസ്തമംഗലത്തെ വീട്ടിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി പാത്രങ്ങൾ കൊടുത്തു വിടാറുണ്ടെന്നും അതിൽ ചിലതിലെല്ലാം ലോഹ വസ്തു ഉണ്ടായിരുന്നു എന്നുമുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ് കെടി ജലീൽ പരിഹാസവുമായി എത്തിയത്.
കേട്ടാൽ ആരെങ്കിലും വിശ്വസിക്കുന്ന കാര്യമേ ആരോപിക്കാവു. മുഖ്യമന്ത്രി ബിരിയാണി കഴിക്കുന്നത് താൻ കണ്ടിട്ടില്ല. ക്ലിഫ് ഹൗസിലേക്ക് ബിരിയാണി പാത്രങ്ങൾ കൊടുത്തുവിട്ടു എന്ന് പറയുന്നതിന് പകരം തന്റെ വീട്ടിലേക്ക് കൊടുത്തു വിട്ടു എന്ന് പറയുന്നതായിരുന്നു നല്ലതെന്നും കെടി ജലീൽ പരിഹസിച്ചു. കാരണം ബിരിയാണി ഇഷ്ടമാണ്. മാത്രവുമല്ല ഒരു ഭക്ഷണ പ്രിയനുമാണെന്നും കെടി ജലീൽ പറഞ്ഞു.
സത്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമെ ജനങ്ങളിലേക്ക് എത്തിക്കാവു. കേൾക്കുന്ന ആരുടെ എങ്കിലും മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും കെടി ജലീൽ ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണ വിവരങ്ങൾ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടി എടുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ തയ്യാറാകണം.
സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
അനധികൃതമായി കടത്തിയ സ്വര്‍ണ്ണം എവിടെ പോയി ആര്‍ക്ക് വേണ്ടി തുടങ്ങിയ വിവരങ്ങളെല്ലാം അന്വേഷണത്തിലൂടെ പുറത്തെത്തിക്കണം. ഊഹാപോഹം പ്രചരിപ്പിച്ച് മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരുടെ മേൽ ചെളിവാരി എറിയുന്ന അവസ്ഥ ഉണ്ടാക്കരുത്. നട്ടാൽ കുരുക്കാത്ത നുണ പറയുകയാണ് സ്വപ്ന അടക്കം പ്രതികളെന്നും കെടി ജലീൽ ആരോപിച്ചു.
സ്വപ്നയും പിസി ജോർജ്ജും നട്ടാൽ കുരുക്കാത്ത നുണ പറയുന്നു.തന്നെ തീവ്രവാദിയെന്നാണ് പിസി ജോർജ്ജ് വിളിച്ചത് .എസ്ഡിപിഐയെ ആദ്യാവസാനം എതിർത്തതിൽ അഭിമാനിക്കുന്ന ആളാണ്.മതാനുഷ്ഠാനങ്ങൾ നിർവ്വഹിച്ച് ജീവിക്കുന്ന ആളാണ് താൻ. അതിനെയാണോ പിസി ജോർജ്ജ് ദുർവ്യാഖ്യാനം ചെയ്യുന്നത്.ആരുടേയും സർട്ടിഫിക്കറ്റിന് വേണ്ടി അത് മാറ്റാൻ ഉദ്ദേശിക്കുന്നില്ല.സ്വർണക്കേസിലെ പ്രതി എന്തിനാണ് കൈകാലിട്ടടിക്കുന്നത്. യുപി രജിസ്ട്രേഷൻ ഉള്ള വണ്ടിയിൽ ഭീഷണിപ്പെടുത്താൻ ആര് വന്നു എന്ന് അന്വേഷിക്കട്ടെ.
ആയിരം കൊല്ലം അന്വേഷിച്ചാലും ഒന്നും കണ്ടെത്താനില്ല. ഒരു പൈസ അനധികൃതമായി സമ്പാദിച്ചതിന് ഫൈനടക്കാൻ പോലും കഴിയില്ല.മുപ്പത് വർഷത്തെ അക്കൗണ്ടാണ് പരിശോധിച്ചത്. ശമ്പളമല്ലാതെ ഒരു പൈസയും ഒരാളും അയച്ചിട്ടില്ല.ഇത് കണ്ട് ഇഡി തന്നെ ഞെട്ടി.കോടികളുടെ അനധികൃത സമ്പാദ്യം ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതിയത്.ന്തെങ്ക്ലും പറയുന്നത് അതേ പടി മാധ്യമങ്ങൾ പ്രസിദ്ധികരിക്കരുത്. സത്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമെ ജനങ്ങളിലേക്ക് എത്തിക്കാവുയെന്നും ജലീല്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam