ഷാജ് കിരണ്‍ തന്‍റെ നല്ല സുഹൃത്തും വിശ്വസ്തനുമാണ്. ഇന്ന് രാവിലെ വരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും സ്വപ്ന സുരേഷ്
കൊച്ചി: കെ ടി ജലീലിന്‍റെ പരാതിയില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത് ഭയം കൊണ്ടെന്ന് സ്വപ്ന സുരേഷ്. അന്വേഷണം തടസ്സപ്പെടുത്താനോ ഒളിച്ചോടാനോ അല്ല ഹര്‍ജി നല്‍കിയത്. കേസുമായി സഹകരിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഷാജ് കിരണ്‍ തന്‍റെ നല്ല സുഹൃത്തും വിശ്വസ്തനുമായിരുന്നു. തൻ്റെ ആവശ്യപ്രകാരമാണ് ഇന്നലെ ഷാജ് വന്നത്. ഇടനിലക്കാരനായാണ് ഷാജെത്തിയത്. രഹസ്യമൊഴി പിൻവലിക്കാന്‍ തന്നോട് ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചമുതല്‍ വൈകിട്ട് വരെ ഷാജ് തന്നെ മാനസികമായി പീഡിപ്പിച്ചെന്നും സ്വപ്ന പറഞ്ഞു.
നികേഷ് കുമാർ എന്ന വ്യക്തി വന്ന് തന്നെ കാണും. അയാൾക്ക് തൻ്റെ ഫോൺ കൊടുക്കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു. നികേഷ് കുമാര്‍ മുഖ്യമന്ത്രിയുടെ ശബ്ദമാണ്. നികേഷിനൊപ്പം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെത്തണം. ഒത്തുതീര്‍പ്പിലെത്തിയാല്‍ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്നും ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന സുരേഷ് പറഞ്ഞു. ഇന്ന് രാവിലെയും ഷാജ് കിരണ്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. പണമടക്കം പലതും വാഗ്ദാനം ചെയ്തു, എന്നാല്‍ താന്‍ അതിന് വഴങ്ങിയില്ല. എന്താണ് നടന്നതെന്ന് നാളെ വ്യക്തമാക്കും. ശബ്ദരേഖ പുറത്തുവന്നാല്‍ എല്ലാം വ്യക്തമാകുമെന്നും സ്വപ്ന വിശദീകരിച്ചു. സരിത്തിനെ പൊലീസ് പൊക്കുമെന്ന് നേരത്തെ ഷാജ് കിരണ്‍ പറഞ്ഞിരുന്നു. പറഞ്ഞതുപോലെ സംഭവിച്ചെന്നും സ്വപ്ന പറഞ്ഞു.
