'മാധ്യമങ്ങൾ കെട്ടുകഥകളുടെ നിർമാണശാലകൾ, ഫാക്ട് ചെക്ക് കൂടിയേ തീരൂ': മുഖ്യമന്ത്രി

By Web TeamFirst Published Nov 16, 2020, 2:08 PM IST
Highlights

ധാർമികത മറക്കുന്ന മാധ്യമപ്രവർത്തനം ഇപ്പോൾ നടക്കുന്നുണ്ട്. കെട്ടുകഥകളുടെ നിർമാണശാലകളായി മാധ്യമങ്ങൾ മാറി. മാധ്യമവാർത്തകളുടെ നേരറിയാൻ ഫാക്ട് ചെക്ക് സംവിധാനം നിർബന്ധമാണെന്നും മുഖ്യമന്ത്രി.

കൊച്ചി: മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ധാര്‍മികത മറന്നുള്ള മാധ്യമ പ്രവര്‍ത്തനമാണ് ഇപ്പോൾ നടക്കുന്നതിലേറെയും. കെട്ടുകഥകളുടെ നിര്‍മാണശാലകളായി മാധ്യമങ്ങൾ മാറി. കണ്ണ് തുറക്കേണ്ടിടത്ത് കണ്ണടക്കുകയും നാവ് ഉയര്‍ത്തേണ്ടിടത്ത് നാവ് അടക്കുകയും ചെയ്യുന്ന പത്രപ്രവര്‍ത്തനമാണിപ്പോൾ. മാധ്യമ പ്രവർത്തനത്തിൽ രാഷ്ട്രീയവും പക്ഷപാതിത്വവും ഉണ്ട്. അതിന്‍റെ ഭാഗമായി അര്‍ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുന്നു. മാധ്യമ വാര്‍ത്തകളുടെ നേരറിയാൻ ഫാക്ട് ചെക് സംവിധാനം വേണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മീഡിയ അക്കാദമിയിലെ പുതിയ ജേര്‍ണലിസം ബാച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

''കേരളത്തിലും ഇന്ത്യയിലും വ്യാജവാർത്തകളാണ് പലയിടത്തും സത്യകഥകളായി മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. ഐതിഹ്യത്തെ ചരിത്രത്തിലേക്കും, വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും പടർത്താൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. അതിന് കൂട്ടുനിൽക്കുന്നു. നിഷ്പക്ഷം എന്ന് സ്വയം വിളിക്കുന്ന മാധ്യമങ്ങൾ നിർണായകഘട്ടത്തിൽ തീവ്രവർഗീയവലതുപക്ഷത്തോട് കൂറുപുലർത്തുന്നു. അല്ലെങ്കിൽ നിശ്ശബ്ദത പുലർത്തുന്നു. 

പല വിദേശരാജ്യങ്ങളിലും മാധ്യമവാർത്തകളുടെ ആധികാരികത പരിശോധിക്കാൻ ഫാക്ട് ചെക്ക് സംവിധാനങ്ങളുണ്ട്. അത് കേരളത്തിലും നടപ്പാക്കേണ്ടി വരും. അത്തരം സ്വതന്ത്രസംരംഭങ്ങളെക്കുറിച്ച് കേരളത്തിലെ മാധ്യമപ്രവർത്തകർ തന്നെ ആലോചിക്കണം. ഒരു വിധ ഫാക്ട് ചെക്കുമില്ലാത്ത സംസ്ഥാനങ്ങളിലാണ് മാധ്യമപ്രവർത്തകർ ജയിലിലാകുന്നത് എന്നോർക്കണം. സിദ്ദിഖ് കാപ്പൻ തന്നെയാണ് ഇതിനുദാഹരണം'', എന്ന് മുഖ്യമന്ത്രി.

click me!