
തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ വിശദാംശങ്ങൾ തേടിയതിനെക്കുറിച്ച് ഇഡി നൽകിയ വിശദീകരണം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് നിയമസഭായോടുള്ള അവഹേളനമെന്ന് എത്തിക്സ് കമ്മിറ്റി ചെയർമാൻ. നിയമസഭാ സമിതി പരിശോധിക്കുന്നതിന് മുൻപ് വിശദീകരണം മാധ്യമങ്ങളിൽ വന്നതാണ് ഇഡിക്കെതിരെ അതൃപ്തി പരസ്യമാക്കി സമതി ചെയർമാൻ തന്നെ രംഗത്തെത്തിയത്. ഇഡിയുടെ വിശദീകരണം പരിശോധിക്കാൻ എത്തിക്സ് കമ്മറ്റി മറ്റന്നാൾ യോഗം ചേരും.
കേന്ദ്രഅന്വേഷണ ഏജൻസികൾക്കെതിരെ ഇടത് മുന്നണി പ്രക്ഷോഭം നടത്തുന്നതിനിടെയാണ് ഇഡിക്കെതിരെ പുതിയ ആക്ഷേപവുമായി നിയമസഭാ എത്തിക്സ് സമിതികൂടി രംഗത്ത് വരുന്നത്. ലൈഫ് മിഷൻ പദ്ധതിയുടെ ഫയലുകള്‍ ഇഡി ആവശ്യപ്പെട്ടത് നിയമസഭയുടെ അവകാശലംഘമാണെന്ന ജെയിംസ് മാത്യു എംഎൽഎയുടെ പരാതിയിലാണ് നിയമസഭ സമിതി എൻഫോഴ്മെൻ്റിനോട് വിശദീകരണം ചോദിച്ചത്.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് എത്തിക്സ് സമിതിക്ക് വെള്ളിയാഴ്ച നൽകിയ വിശദീകരണം അന്ന് തന്നെ മാധ്യമങ്ങൾക്ക് കിട്ടി. ഫയലുകള്‍ ആവശ്യപ്പെടാൻ അധികാരമുണ്ടെന്നായിരുന്നു ഇഡിയുടെ മറുപടി. നിയമസഭയുടെ ഒരു അധികാരവും എൻഫോഴ്മെൻ്റ് ലംഘിച്ചിട്ടില്ലെന്നും ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ വ്യക്തമാക്കിയിരുന്നു. സമിതി പരിശോധിക്കുന്നതിന് മുൻപ് വിശദീകരണം മാധ്യമങ്ങൾക്ക് ചോർന്നതിലാണ് നിയമസഭാ സമിതിക്ക് അതൃപ്തി.
ഇക്കാര്യത്തിൽ ഇഡിയുടെ വിശദീകരണം തേടാനും സാധ്യതയുണ്ട്. നിയമസഭാസമിതി കേന്ദ്ര ഏജൻസിക്കെതിരെ നീങ്ങുമ്പോൾ പുതിയ നിയമയുദ്ധത്തിലേക്ക് കടക്കാനാണ് സാധ്യത. എന്നാൽ രാഷ്ട്രീയലക്ഷ്യത്തിന് വേണ്ടി നിയമസഭയെ ഉപയോഗിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam