'കാത്തിരിപ്പിന് വിരാമം'; കെഎഎസ് പരീക്ഷയെഴുതുന്നവര്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി

By Web TeamFirst Published Feb 21, 2020, 8:15 PM IST
Highlights

 തടസ്സങ്ങളെല്ലാം നീക്കി കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ആരംഭിക്കുമെന്ന് സർക്കാർ നൽകിയ വാഗ്ദാനം യാഥാർഥ്യമാവുകയാണ്. ഏതാണ്ട് 4 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ സംസ്ഥാനത്തെ 1535 കേന്ദ്രങ്ങളിലായി കെഎഎസിന്‍റെ പ്രാഥമിക പരീക്ഷ നാളെ എഴുതാൻ പോകുന്നു

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം അഡ്മിനിസ്ട്രേറ്റീവ് സർവീസിനു വേണ്ടിയുള്ള വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു വിരാമം ആവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തടസ്സങ്ങളെല്ലാം നീക്കി കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ആരംഭിക്കുമെന്ന് സർക്കാർ നൽകിയ വാഗ്ദാനം യാഥാർഥ്യമാവുകയാണ്. ഏതാണ്ട് 4 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ സംസ്ഥാനത്തെ 1535 കേന്ദ്രങ്ങളിലായി കെഎഎസിന്‍റെ പ്രാഥമിക പരീക്ഷ നാളെ എഴുതാൻ പോവുകയാണ്.

രണ്ടു പേപ്പറുകൾ അടങ്ങിയ പ്രാഥമിക പരീക്ഷ, രാവിലെയും ഉച്ചയ്ക്കും രണ്ടു ഘട്ടമായാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചരിത്രവും ശാസ്ത്രവും സമകാലിക സംഭവങ്ങളും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഉദ്യോഗാർത്ഥികൾക്കുള്ള അറിവും, ഭാഷനൈപുണ്യവും പരിശോധിക്കാൻ ഉതകുന്ന തരത്തിലാണ് ചോദ്യങ്ങൾ തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

ഇതിന്‍റെ ഫലം അറിവായതിനു ശേഷമാണ് സിവിൽ സർവീസ് പരീക്ഷയിലേതുപോലെ മെയിൻസ് പരീക്ഷയും അഭിമുഖവുമുൾപ്പെടെയുള്ള അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുന്നത്. 2018ൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രൂപീകരിച്ചതിനു ശേഷം നടത്തുന്ന ആദ്യത്തെ പരീക്ഷയാണിത്.

സിവിൽ സർവീസിന്‍റെ കാര്യക്ഷമതയും ജനകീയതയും വളർത്തുക എന്നതാണ് കെഎഎസിലൂടെ ലക്ഷ്യമിടുന്നത്. നമ്മുടെ ഭരണനിർവഹണ സംവിധാനത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാൽവയ്പാണിത്. എല്ലാ ഉദ്യോഗാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കട്ടെയെന്നും വിജയാശംസകൾ നേരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. 

click me!