
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തമാകുന്നതിനിടെ കെ മുരളീധരനും കെ സുധാകരനും നേതൃസ്ഥാനത്തേക്ക് എത്തുന്നതിനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സുകൾ. കെ മുരളീധരനെ പിന്തുണച്ച് തിരുവനന്തപുരത്തും സുധാകരനുവേണ്ടി മലപ്പുറത്തുമാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. മുരളിയെ കെ പി സി സി പ്രസിഡന്റ് ആക്കണമെന്നാണ് ഫ്ലക്സിലെ ആവശ്യം. കെ സുധാകരനായി മലപ്പുറം ഡിസിസി ഓഫീസിന് മുന്നിലെ റോഡരുകിലാണ് ബോർഡുകൾ. കെ സുധാകരനുണ്ടെങ്കിൽ പേരാടാൻ ഞങ്ങളുണ്ടെന്ന് സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
അതേ സമയം സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയെത്തിയ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ഘടകകക്ഷിനേതാക്കളുമായി ഇന്ന് ചർച്ച നടത്തും. സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റമെന്ന ആവശ്യം ഘടകകക്ഷികൾ ഉന്നയിക്കുമെന്നാണ് വിവരം. ഇങ്ങനെ പോകാൻ കഴിയില്ലെന്ന ലീഗും ആർഎസ്പിയും പരസ്യമായി തന്നെ പറഞ്ഞ് കഴിഞ്ഞു. താഴേത്തട്ടിൽ ഉണ്ടാക്കിയ നീക്കുപോക്ക് വരെ പരസ്യഅഭിപ്രായവ്യത്യാസത്തിലേക്ക് പോയതിൽ ഘടകകക്ഷികൾ അതൃപ്തി അറിയിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam