
തിരുവനന്തപുരം: എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വികസനവും യുഡിഎഫ് കാലത്ത് അധോഗതിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021ൽ തുടർഭരണം ഉണ്ടായതോടെ പുറകോട്ട് പോക്കുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈസ് ഓഫ് ഡുയിങ് ബിസിനസിൽ കേരളം ഒന്നാമതെത്തുന്നത് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. ഭരണത്തുടർച്ച കാരണം എല്ലാ മേഖലയിലും മുന്നേറ്റം ഉണ്ടായി. ആരോഗ്യമേഖല ലോകോത്തര നിലവാരത്തിലെത്തി. ശിശുമരണനിരക്ക് അമേരിക്കയേക്കാൾ കുറവാണ്. എൽഡിഎഫ് നല്ല നിലയിൽ പ്രവർത്തിച്ചെന്നാണ് ജനം വിലയിരുത്തുന്നത്. 2021ൽ തുടർഭരണം ഏൽപ്പിച്ചത് പോലെ, തിരുവനന്തപുരം കോർപ്പറേഷൻ ഭരണവും ഏൽപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം നേടിയാൽ എൽഡിഎഫ് സർക്കാരിന്റെ മൂന്നാം ഭരണവും ഉറപ്പായെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അതിദാരിദ്ര്യം അവസാനിപ്പിച്ച നാടായി കേരളം മാറി. വീട്ടമ്മമാർക്ക് പെൻഷൻ നൽകുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് വിജയം മൂന്നാം ഭരണത്തിൻ്റെ കേളികൊട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.