ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം, സംസ്ഥാനത്തെ ജയിൽ സുരക്ഷ വിലയിരുത്താൻ മുഖ്യന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന് ചേരും, ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും

Published : Jul 26, 2025, 01:13 AM IST
CM Pinarayi  Govindachamy

Synopsis

ജയിൽ മേധാവിയും ജയിൽ ഡി ഐ ജിമാരും സൂപ്രണ്ടുമാരും യോഗത്തിൽ പങ്കെടുക്കും. ജയിൽ ഉദ്യോഗസ്ഥരെ കൂടാതെ ക്രമസമാധാന ചുമതലയുള്ള ഡി ജി പി, ആഭ്യന്തര സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. 11 മണിക്ക് ഓണ്‍ലൈൻ വഴിയാണ് യോഗം. ജയിൽ മേധാവിയും ജയിൽ ഡി ഐ ജിമാരും സൂപ്രണ്ടുമാരും യോഗത്തിൽ പങ്കെടുക്കും. ജയിൽ ഉദ്യോഗസ്ഥരെ കൂടാതെ ക്രമസമാധാന ചുമതലയുള്ള ഡി ജി പി, ആഭ്യന്തര സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുക്കും. ജയിൽ സുരക്ഷ, ജീവനക്കാരുടെ കുറവ്, തടവുകാരും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഇന്‍റലിജൻസ് നൽകിയിട്ടുള്ള വിവരങ്ങള്‍ എന്നിവയെല്ലാം ചർച്ച ചെയ്യും. തിങ്കളാഴ്ചയാണ് യോഗം വിളിച്ചിരുന്നതെങ്കിലും കണ്ണൂരിലെ ഗോവിന്ദചാമിയുടെ ജയിൽ ചാട്ടത്തിന്‍റെ പശ്ചാത്തലത്തിലാണ് യോഗം ഇന്ന് ചേരാൻ തീരുമാനിച്ചത്.

അതേസമയം ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. ആരോ ഒരാൾ ജയിൽ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷമാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്. ഗാർഡ് ഓഫീസർക്ക് ലഭിച്ച ആദ്യ റിപ്പോർട്ട് കൃത്യമായ പരിശോധനയില്ലാതെയാണെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ മാത്രമല്ല, തടവിലെ താമസത്തിലടക്കം ജയിലധികൃതർക്ക് അടിമുടിവീഴ്ച സംഭവിച്ചു എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു കൊടും ക്രിമിനലിന് താടിനീട്ടിവളർത്താനടക്കം ആരാണ് അനുമതി നൽകിയതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. മാസത്തിൽ ഒരു പ്രാവശ്യം തലമുടി വെട്ടണം, ആഴ്ചയിൽ ഷേവ്ചെയ്യണം എന്നാണ്ചട്ടം. ഈ ചട്ടം നിലനിൽക്കുമ്പോഴും ഗോവിന്ദച്ചാമിയെ പോലൊരു കൊടും കുറ്റവാളി താടി നീട്ടി വളർത്തിയിട്ടും ജയിൽ ഉദ്യോഗസ്ഥർ വിലക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനും അധികൃതർ ഉത്തരം പറയേണ്ടിവരും.

അതിനിടെ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന്‍റെ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പിടിയിലായതിന് ശേഷം പൊലീസിന് നൽകിയ ആദ്യ മൊഴിയിൽ ഒന്നര മാസത്തെ ആസൂത്രണം നടത്തിയാണ് ജയിൽ ചാടിയതെന്ന് ഗോവിന്ദച്ചാമി വെളിപ്പെടുത്തി. ജയിലിന്റെ അഴികൾ മുറിക്കാൻ ഒന്നര മാസമെടുത്തു. മുറിച്ചതിന്റെ പാടുകൾ പുറത്തുനിന്ന് കാണാതിരിക്കാൻ തുണികൊണ്ട് കെട്ടിവെച്ചിരുന്നു. കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നടക്കം ​ഗോവിന്ദച്ചാമി വെളിപ്പെടുത്തി. എന്നാൽ ആരാണ് അത് എന്ന കാര്യം ഇതുവരെയും കൊടുംകുറ്റവാളി വെളിപ്പെടുത്തിയിട്ടില്ല. ആയുധം നൽകിയ ആളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ജയിലിന്റെ മതിൽ ചാടുന്നതിനായി പാൽപ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചു. ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താനായിരുന്നു പ്ലാനിട്ടത്. കവർച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി പൊലീസിനോട് വെളിപ്പെടുത്തി. റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താൻ ഡി സി സി ഓഫീസ് പരിസരത്ത് എത്തിയതെന്നും അങ്ങനെയാണ് പിടിക്കപ്പെട്ടതെന്നും ഗോവിന്ദച്ചാമി വിവരിച്ചു. ജയിലിനുള്ളിൽ വെച്ച് പുറത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗോവിന്ദച്ചാമിയെ ജയിൽ ചാടാൻ സഹായിച്ചവരെക്കുറിച്ചും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയും പൊലീസ് പരിശോധിക്കുന്നുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉന്നാവ് പീഡന കേസ്; 'സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തി, കോടതിയിൽ കൃത്യമായ വാദങ്ങൾ അവതരിപ്പിച്ചില്ല', അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് പ്രാച
കഴക്കൂട്ടത്തെ നാല് വയസ്സുകാരന്റെ മരണം; കൊലപാതകമെന്ന് കണ്ടെത്തൽ, അമ്മയേയും സുഹൃത്തിനേയും കൂടുതൽ ചോദ്യം ചെയ്യും