
പാലക്കാട്: വടക്കഞ്ചേരിയിൽ ഭ൪തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ സ്ത്രീധന പീഡന വകുപ്പുകൾ കൂടി ചുമത്തി പൊലീസ്. ഭർത്താവ് പ്രദീപ് സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. നേരത്തെ ആത്മഹത്യ പ്രേരണാവകുപ്പ് ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീധന പീഡന വകുപ്പുകൾ കൂടി ചുമത്തിയത്. 23 ന് രാത്രിയാണ് നേഘയെ ആലത്തൂർ തോണിപ്പാടത്തെ പ്രദീപിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ആലത്തൂ൪ തോണിപ്പാടം സ്വദേശി പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ആലത്തൂ൪ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയുമായിരുന്നു.
അതേസമയം, കേസിന്റെ അന്വേഷണച്ചുമതല ഡിവൈഎസ്പിക്ക് നൽകി. ആലത്തൂ൪ ഡിവൈഎസ്പി എൻ മുരളീധരൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തിൽ പാലക്കാട് ജില്ലാ പൊലീസ് മേധാവി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു. നേഘയുടെ അമ്മയുടേയും ബന്ധുക്കളുടേയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
കഴിഞ്ഞ ബുധനാഴ്ച രാത്രി 12.20 ഓടെയാണ് നേഘ സുബ്രഹ്മണ്യനെ ഭ൪ത്താവിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിലെത്തിച്ച ശേഷം മരണം സ്ഥിരീകരിച്ചു. സംഭവം നടക്കുന്ന ദിവസം കോയമ്പത്തൂരിൽ നിന്നെത്തിയ പ്രദീപ് നേഘയുമായി വഴക്കുണ്ടായിരുന്നുവെന്ന് മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ആറു വ൪ഷം മുമ്പായിരുന്നു നേഘയുടേയും പ്രദീപിന്റെയും വിവാഹം. മക്കളില്ലാതായതോടെ ചെറിയ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പ്രവാസിയായിരുന്ന പ്രദീപ് നാട്ടിലെത്തി ചികിത്സ ആരംഭിച്ചു. രണ്ടു വ൪ഷത്തിന് ശേഷം മകൾ ജനിച്ചു. പ്രദീപ് കോയമ്പത്തൂരിലെ സ്വകാര്യ ടെക്സ്റ്റൈൽ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ആഴ്ചയിൽ ഒരു ദിവസം വീട്ടിലെത്തും. ആ ദിവസങ്ങളിലെല്ലാം നേഘയെ മ൪ദിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam