7 നാൾ ഓണാഘോഷം പൊളിപൊളിക്കും, തിരിതെളിച്ച് മുഖ്യമന്ത്രി; സ്നേഹം പങ്കുവച്ച് ഉപഹാരം ഏറ്റുവാങ്ങി ദുൽഖറും അപ‍ർണയും

By Web TeamFirst Published Sep 6, 2022, 10:17 PM IST
Highlights

കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിച്ച പാണ്ടിമേളത്തോടെയായിരുന്നു ടൂറിസം വകുപ്പിന്‍റെ ഓണം വാരാഘോഷത്തിന്‍റെ അരങ്ങുണർന്നത്

തിരുവനന്തപുരം: കേരള സർക്കാരിന്‍റെ ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം കനകക്കുന്നിൽ ടൂറിസം വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, അപർണാ ബാലമുരളി എന്നിവർ മുഖ്യാതിഥികളായി. ഇരുവരും മുഖ്യമന്ത്രി നൽകിയ സ്നേഹോപഹാരം ഏറ്റുവാങ്ങി.

കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിച്ച പാണ്ടിമേളത്തോടെയായിരുന്നു ടൂറിസം വകുപ്പിന്‍റെ ഓണം വാരാഘോഷത്തിന്‍റെ അരങ്ങുണർന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്ക് തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, അപർണ ബാലമുരളി എന്നിവരും സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടി.

ഗുരുഗോപിനാഥ് കലാഗ്രാമം ഒരുക്കിയ സൃത്തശിൽപം, വിജയ് യേശുദാസ് നയിച്ച സംഗീത നിശ തുടങ്ങിയവായിരുന്നു ആദ്യ ദിനത്തിലെ അകർഷകമാക്കിയത്. 32 വേദിയിലാണ്‌ ഇത്തവണ ഓണാഘോഷം. ഏഴ് ദിവസത്തെ പരിപാടികളിൽ എണ്ണായിരത്തിലേറെ കലാകാരന്മാർ പങ്കെടുക്കും. 12 ന്‌ വൈകിട്ട്‌ വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ വർണശബളമായ ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന്‌ സമാപനമാകും.

ഓണസദ്യ മാലിന്യത്തിൽ വലിച്ചെറിഞ്ഞു; തിരുവനന്തപുരം നഗരസഭയിലെ 11 ജീവനക്കാർക്കെതിരെ നടപടി

അതേസമയം ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ 11 നഗരസഭ ജീവനക്കാർക്കെതിരെ നടപടിയെടുത്തു എന്നതാണ് തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാ‍ർത്ത. തിരുവനന്തപുരം ചാല സർക്കിളിലെ ശുചീകരണ തൊഴിലാളികളാണ് സദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. ഓണാഘോഷത്തിന് സമയം അനുവദിച്ചില്ലെന്നാരോപിച്ചാണ് ഭക്ഷണം മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. 7 സ്ഥിരം തൊഴിലാളികളെ മേയർ സസ്പെന്‍റ് ചെയ്തു. താൽക്കാലിക ജീവനക്കാരായ മറ്റുള്ളവരെ പിരിച്ചുവിട്ടതായും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇന്നലെയാണ് ഭക്ഷണം ജീവനക്കാർ മാലിന്യത്തിലിട്ടത്. ഡ്യൂട്ടി സമയം ഓണം ആഘോഷിക്കേണ്ടെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചതിന് പിന്നാലെ ഓണ സദ്യ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച സംഭവത്തിൽ നഗരസഭ താത്കാലിക ജീവനക്കാർ കുറ്റക്കാർ എന്ന് റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് നടപടി. ചാല സര്‍ക്കിള്‍ ഹെൽത്ത് ഇൻസ്പെക്ടർ സമർപിച്ച റിപ്പോര്‍ട്ടിലാണ് ശുചീകരണ തൊഴിലാളികൾ കുറ്റക്കാരാണെന്ന് രേഖപ്പെടുത്തിയത്. ജീവനക്കാർ ഓണസദ്യ എയറോബിക് ബിന്നിലേക്ക് തട്ടി കളയുന്നതിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഹെൽത്ത് സൂപ്പർവൈസറോട് ആവശ്യപ്പെടുകയായിരുന്നു.

click me!